കുട്ടികളില്‍ സമ്മര്‍ദ്ദം ലഘൂകരിക്കാനും ഉല്ലാസത്തിനുമായി സ്‌കൂളുകളില്‍ പ്രത്യേക സമയം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളര്‍ന്നുവരുന്ന തലമുറ സമ്മര്‍ദങ്ങള്‍ക്കടിമപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന കാര്യം രക്ഷിതാക്കളെയും അധ്യാപകരെയും ഒരുപോലെ ബോധ്യപ്പെടുത്തണം. കുട്ടികള്‍ക്ക് കളിച്ചുവളരാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടത്. ഇതിനായി സ്‌കൂള്‍ വിടുന്നതിന് മുമ്പ് നിശ്ചിത സമയം കുട്ടികള്‍ക്ക് കളിക്കാനുള്ള സമയം അനുവദിക്കണം. എല്ലാ സ്‌കൂളുകളിലും അതിനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല യോഗത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.