കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ 2024 ഡിസംബർ 5 ലെ താരിഫ് ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള നിരക്കുകളുമാണ് വെള്ളിയാഴ്‌ച (മെയ് 16) രാവിലെ 9 മണി മുതല്‍ പ്രാബല്യത്തില്‍ വന്നത്.
സൗരോര്‍ജം ലഭ്യമായ പകല്‍ സമയത്ത് വൈദ്യുത വാഹന ചാര്‍ജിങ് പ്രോത്സാഹിപ്പിച്ച് വൈകുന്നേരത്തെ അമിത ഉപയോഗം തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിരക്ക് നടപ്പാക്കിയത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4വരെ സൗര മണിക്കൂറും ബാക്കി സമയം സൗരേതര മണിക്കൂറുമായി തരംതിരിച്ചുള്ള ടൈം ഓഫ് ഡേ (ടിഒഡി) രീതിയിലാണ് നിരക്കുകള്‍.
സൗര മണിക്കൂറില്‍ 30 ശതമാനം വരെ കുറഞ്ഞ നിരക്കില്‍ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം. വൈകിട്ട് 4 മണി മുതല്‍ അടുത്ത ദിവസം രാവിലെ 9 മണി വരെ 30 ശതമാനം കൂടിയ നിരക്കായിരിക്കും ഈടാക്കുക. പകല്‍ സമയം സൗരോര്‍ജം കൂടി പ്രയോജനപ്പെടുത്താനാകുന്നതിന്‍റെ അനുകൂല്യം വാഹന ഉടമകള്‍ക്ക് ലഭ്യമാക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ നിര്‍ദേശിച്ചിരുന്നു.
ചാര്‍ജിങ്ങിന് പൊതു നിരക്ക് യൂണിറ്റിന് 7.15 രൂപയാണ്. സൗര മണിക്കൂറില്‍ 30 ശതമാനം കുറഞ്ഞ് അഞ്ച് രൂപയും സൗരേതര മണിക്കൂറുകളില്‍ 9.30 രൂപയുമാകും (30 ശതമാനം കൂടുതല്‍) ഈടാക്കുക. ഇതിനോടൊപ്പം ഡ്യൂട്ടിയും കേന്ദ്ര വൈദ്യുതി മന്ത്രാലയം നിര്‍ദേശിച്ച സര്‍വിസ് ചാര്‍ജും 18 ശതമാനം ജിഎസ്‌ടിയും നല്‍കേണ്ടി വരും. ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്ക് പകല്‍ സമയം ലാഭകരമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം.