മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്. ഖരമാലിന്യ സംസ്‌കരണത്തിനായി കണ്ടെയിനര്‍ എംസിഎഫുകള്‍, മിനി എംസിഎഫുകള്‍ എന്നിവ സ്ഥാപിച്ചുവരികയാണ് പഞ്ചായത്ത്. 9.5 ലക്ഷം രൂപ ചെലവില്‍ നാല് കണ്ടെയിനര്‍ എംസിഎഫുകളാണ് പഞ്ചായത്ത് സ്ഥാപിച്ചത്. ചരക്ക് കപ്പലുകളിലെ ആവശ്യം കഴിഞ്ഞ കണ്ടെയിനറുകളാണ് പാഴ്‌വസ്തുക്കള്‍ മഴയും വെയിലും കൊള്ളാതെ സൂക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നത്.
മൂടാടി ഗ്രാമ പഞ്ചായത്തിന്റെ അപേക്ഷ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലൂടെലാണ് മിനി എംസിഎഫുകള്‍ സ്ഥാപിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിക്കുന്ന മിനി എംസിഎഫുകളുടെ വിസ്തൃതി തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവിലൂടെ കേരളത്തില്‍ ആദ്യമായി മിനി എംസിഎഫ് സ്ഥാപിച്ച പഞ്ചായത്ത് മൂടാടിയാണ്. ഹരിതകര്‍മസേന ശേഖരിക്കുന്ന പാഴ്‌വസ്തുക്കള്‍ വഴിയരികില്‍ കൂട്ടിയിടുന്നതിന് ശാശ്വത പരിഹാരം കാണാന്‍ മിനി എംസിഎഫുകളിലൂടെ സാധിക്കും. നിലവില്‍ എല്ലാ വാര്‍ഡുകളിലും മിനി എംസിഎഫുകള്‍ സ്ഥാപിച്ച് വരികയാണ്.
ഖരമാലിന്യ സംസ്‌കരണത്തിനായി തയ്യാറാക്കിയ പുതിയ സംവിധാനങ്ങള്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഹരിത കര്‍മസേനക്കായി വാങ്ങിയ രണ്ടാമത്തെ ഇലക്ട്രിക് ഗുഡ്‌സിന്റെ താക്കോല്‍ ദാനം ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ ടി രാകേഷ് നടത്തി. ചടങ്ങില്‍ മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷീജ പട്ടേരി,പന്തലായനി ബ്ലോക്ക് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ജീവാനന്ദന്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം കെ മോഹനന്‍, ടി കെ ഭാസ്‌കരന്‍, എം പി അഖില, മെമ്പര്‍മാരായ പപ്പന്‍ മൂടാടി, പി പി കരീം, സെക്രട്ടറി ജിജി തുടങ്ങിയവര്‍ സംസാരിച്ചു. അസി. സെക്രട്ടറി ടി ഗിരീഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.