കൊയിലാണ്ടി: സർക്കാരിൻ്റെ വികസന കാഴ്ചപ്പാടുകൾ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് വളരെ നിർണ്ണായകമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രസ്താവിച്ചു. ഈ ദിശയിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെച്ചപ്പെട്ട പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് ഭരണ സമിതിയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മികവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഡിസംബറോടെ നാഷണൽ ഹൈവേയുടെ പണി പൂർത്തിയാക്കുമെന്നും സാമ്പത്തികമായി കേന്ദ്ര സർക്കാർ എത്ര തന്നെ ഞെരുക്കിയാലും വികസന പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാനത്തിൽ ജമീല എം.എൽ.എ. അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സി.കെ.ശ്രീകുമാർ, സതി കിഴക്കയിൽ, ജില്ലാ പഞ്ചായത്തംഗം എം.പി.ശിവാനന്ദൻ, ജനപ്രതിനിധികളായ പി.വേണു, കെ.പി.രജനി, ചൈത്ര വിജയൻ, ബിന്ദു സോമൻ, കെ. അഭിനീഷ്, എം. പി. മൊയ്തീൻ കോയ, കെ.ടി.എം. കോയ, ദാരിദ്ര്യലഘൂകരണം പ്രോജക്ട് ഡയരക്ടർ പി.വി.ജസീർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.കെ.ചന്ദ്രൻ, അഡ്വ.സുനിൽ മോഹൻ, സി.രമേശൻ, കെ.വിജയ രാഘവൻ എന്നിവർ ആശംസാ പ്രസംഗം നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബു രാജ് സ്വാഗതവും, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ .ജീവാനന്ദൻ നന്ദിയും പറഞ്ഞു.