കൂരാച്ചുണ്ട് : പഞ്ചായത്ത് അഞ്ചാം വാർഡ് കരിയാത്തുംപാറയിലെയും സമീപപ്രദേശങ്ങളിലെയും കുട്ടികൾക്ക് ഇനി സ്മാർട് അങ്കണവാടിയിലിരുന്ന് പഠിക്കാം. ഇഷ്ടമുള്ള കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് കളിക്കാം. കരിയാത്തുംപാറ വല്ലയിൽ താഴെ അങ്കണവാടിക്കായി 55 ലക്ഷത്തോളം രൂപ ചെലവിൽ നിർമ്മിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് അങ്കണവാടി കെട്ടിടം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു.
നിലവിൽ അങ്കണവാടി പ്രവർത്തിച്ച് കൊണ്ടിരുന്ന കെട്ടിടത്തിന്റെ അടിത്തറയും ഭിത്തിയും വിള്ളൽ സംഭവിച്ച് അപകടാവസ്ഥയിലായതിനെ തുടർന്ന് മാസങ്ങളായി വാടക കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. സ്വന്തമായി ഭൂമി ഇല്ലാത്തതായിരുന്നു പുതിയ കെട്ടിടം നിർമ്മിക്കാൻ തടസ്സമായത്. ഇതറിഞ്ഞ് വല്ലയിൽ ജോർജ് കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നൽകുകയായിരുന്നു.
തുടർന്ന് 2021-22 വർഷത്തിൽ സംയോജിത ശിശു വികസന വകുപ്പിൽ നിന്ന് 20 ലക്ഷവും പഞ്ചായത്ത് ഫണ്ടിൽ നിന്ന് ഒമ്പത് ലക്ഷവും വകയിരുത്തിയാണ് പ്രവൃത്തി തുടങ്ങിയത്. കെട്ടിട നിർമ്മാണ ഭൂമി വെള്ളക്കെട്ടുള്ള പ്രദേശമായതിനാൽ അടിത്തറ നിർമ്മാണത്തിന് വലിയ തുക ചെലവഴിക്കേണ്ടി വന്നു. ഇതോടെ എസ്റ്റിമേറ്റ് റിവേഴ്സ് ചെയ്തുവെങ്കിലും ഫണ്ട് തികയാത്തതിനാൽ രണ്ട് വർഷം മുമ്പ് ആരംഭിച്ച പ്രവൃത്തി പൂർത്തിയാക്കാൻ സാധിക്കാത്തത് സംബന്ധിച്ച് ‘മാതൃഭൂമി’ വാർത്ത നൽകിയിരുന്നു. പഞ്ചായത്ത് ഭരണസമിതി ആവശ്യമായ തുക നീക്കി വെച്ചതോടെയാണ് നിർമ്മാണം പുനരാരംഭിച്ചത്.
കുട്ടികൾക്ക് പഠിക്കാനുള്ള ഹാൾ, സ്റ്റാഫ് മുറി, അടുക്കള, സ്റ്റോർ, ശുചിമുറി തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള കെട്ടിടമാണ് നിർമ്മിച്ചിരിക്കുന്നത്. ശിശു സൗഹൃദാന്തരീക്ഷം നിലനിർത്തുന്നതിന് ആവശ്യമായ കളിപ്പാട്ടങ്ങൾ, ടിവി തുടങ്ങിയവയും ഉണ്ടാകും. ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.അമ്മദ്, ഗ്രാമ പഞ്ചായത്തംഗം ജെസി ജോസഫ് കരിമ്പനക്കൽ എന്നിവർ അറിയിച്ചു.