രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.
കഴിഞ്ഞ അധ്യയന വർഷം രാജ്യത്താദ്യമായി ഏഴാം ക്ലാസിൽ മുഴുവൻ കുട്ടികൾക്കും നിർമ്മിത ബുദ്ധി പഠിക്കാൻ ഐസിടി പാഠപുസ്തകത്തിൽ അവസരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി ഈ വർഷം പുതിയ 8, 9, 10 ക്ലാസിലെ ഐസിടി പാഠപുസ്തകങ്ങളിലും എഐ പഠനം ഉൾപ്പെടുത്തിയിട്ടുണ്ട്. ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾക്കായി കഴിഞ്ഞ വർഷം നടത്തിയ റോബോട്ടിക്‌സ് പാഠ്യപദ്ധതിയുടെ അനുഭവം കൂടി ഉൾക്കൊണ്ടാണ് പുതിയ പാഠപുസ്തകത്തിലൂടെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഈ വർഷം റോബോട്ടിക്‌സ് പഠനത്തിന് അവസരം ലഭിക്കുന്നത്. സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂർത്തിയാക്കിയതായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിരുന്നു.
പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകത്തിന്റെ ആദ്യഘട്ട പരിശീലനം ഇതുവരെ 9,924 അധ്യാപകർക്ക് കൈറ്റ് നൽകി. ജൂലൈ മാസം റോബോട്ടിക്‌സിൽ മാത്രമായി അധ്യാപകർക്ക് പരിശീലനം നൽകാനും, കൂടുതൽ റോബോട്ടിക് കിറ്റുകൾ ആവശ്യമായ സംസ്ഥാന സിലബസ് പിന്തുടരുന്ന അൺ-എയ്ഡഡ് സ്‌കൂളുകൾക്ക് ഉൾപ്പെടെ അവ ലഭ്യമാക്കാനും കൈറ്റ് സംവിധാനം ഏർപ്പെടുത്തും.