കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് തിരിച്ചടി നൽകിയ സൈനികർക്കും അതിന് നേതൃത്വം നൽകിയ നരേന്ദ്ര മോദി സർക്കാരിനും അഭിവാദ്യമർപ്പിച്ച് കോഴിക്കോട് നഗരത്തിൽ ത്രിവർണ്ണ സ്വാഭിമാന യാത്ര നടത്തി. വിരമിച്ച സൈനികരും കുടുംബാംഗങ്ങളുമടക്കം നൂറുകണക്കിനാളുകൾ ത്രിവർണ്ണ പതാകയേന്തി റാലിയിൽ അണിനിരന്നു. കിഡ്സൺ കോർണറിൽ നിന്നാരംഭിച്ച റാലി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
സമാപന സമ്മേളനത്തിൽ പൂർവ്വ സൈനിക പരിഷത്ത് ദേശീയ സെക്രട്ടറി മുരളീധര ഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സൈന്യത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ സ്വാതന്ത്ര്യം നൽകിയതാണ് ഓപ്പറേഷൻ സിന്ദൂരിൻ്റെ വിജയ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരതാവളങ്ങൾ തകർക്കാൻ കഴിഞ്ഞതാണ് ഓപ്പറേഷൻ സിന്ദൂരിൻ്റെ നേട്ടം. അമേരിക്കയെപ്പോലും അത്ഭുതപ്പെടുത്തിയ പോരാട്ടം സൈന്യത്തിന് കാഴ്ചവെക്കാൻ കഴിഞ്ഞത് ഒറ്റക്കെട്ടായി ഭാരതം പിന്നിലുണ്ടെന്ന ആത്മവിശ്വാസത്തിലാണ്, അദ്ദേഹം പറഞ്ഞു.
റാലിക്ക് റിട്ട. കേണൽ എൻ.രമണൻ, ലഫ്.കേണൽ (റിട്ട.) മാരായ സതീശ് കുമാർ, എം.ഗോപി, പൂർവ്വ സൈനിക സേവാ പരിഷത് ജില്ലാ അധ്യക്ഷൻ പി.പി.വിജയൻ, ജന. സെക്ര.എം.ബാബുരാജ്, കെ.വേലായുധൻ, ജയാ വത്സൻ, ലതാ ബാബുരാജ്, ബിജെപി ജില്ലാ പ്രസിഡൻ്റ് കെ.പി.പ്രകാശ് ബാബു, ദേശീയ സമിതി അംഗം കെ.പി.ശ്രീശൻ, പി.രഘുനാഥ്, വി.കെ.സജീവൻ, ടി.വി.ഉണ്ണികൃഷ്ണൻ, എം.സുരേഷ്, അഡ്വ. രമ്യ മുരളി, എൻ.പി.രാധാകൃഷ്ണൻ, നവ്യ ഹരിദാസ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.