കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാവശ്യം ശക്തമാകുന്നു. 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് ദേശീയ പാതാധികൃതര്‍ക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാറാണ്. 45 മീറ്റര്‍ സ്ഥലം കുത്തനെ ഇടിച്ചാണ് റോഡ് പണി കരാറെടുത്തവര്‍ നിര്‍മ്മാണ പ്രവൃത്തി നടത്തിയത്. തട്ട് തട്ടായി പ്രവൃത്തി നടത്തിയാല്‍ അടിയിലേക്ക് വീതി കുറഞ്ഞു വരും. ഇത്തരം സ്ഥലങ്ങളില്‍ ആദ്യമേ തന്നെ 45 മീറ്റര്‍ വീതിയിലല്ലാതെ കൂടുതല്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇതിനുളള ഒരു ശ്രമവും ദേശീയ പാതയാക്കായി സ്ഥലം ഏറ്റെടുത്ത റവന്യു അധികൃതര്‍ തയ്യാറായില്ല.
റോഡ് നിര്‍മ്മാണത്തെ തുടര്‍ന്ന് അപകട ഭീഷണി നേരിടുന്ന ബാക്കി സ്ഥലങ്ങള്‍ കൂടി നഷ്ടപരിഹാരം ലഭിച്ചാല്‍ കയ്യൊഴിയാല്‍ കുന്ന്യോറ മലയിലെ 24 കുടുംബങ്ങളും ഇപ്പോഴും തയ്യാറാണ്. രണ്ട് വര്‍ഷത്തിലേറെയായി ഇക്കാര്യം ഈ കുടുംബങ്ങള്‍ അധികൃതരെ അറിയിച്ചതുമാണ്. എന്നാല്‍ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന സ്ഥലം ഏറ്റെടുക്കാന്‍ ഒരു നടപടിയും റവന്യു വകുപ്പ് സ്വീകരിച്ചില്ല.
ഈ സ്ഥലം പ്രവൃത്തി കരാറെടുത്ത അദാനി കമ്പനിയോ,ഉപകരാര്‍ എടുത്ത വഗാഡ് കമ്പനിയക്കോ ഏറ്റെടുക്കാമായിരുന്നു. അങ്ങനെ ചെയ്താല്‍ അവശേഷിക്കുന്ന റോഡ് പ്രവൃത്തിക്കാവശ്യമായ മണ്ണ് ഇവിടെ നിന്ന് കിട്ടുമായിരുന്നു. ഏകദേശം എട്ട് കോടി രൂപയോളം ഇവിടെ മതില്‍ സുരക്ഷിതമാക്കാന്‍ കരാര്‍ കമ്പനി വിനിയോഗിച്ചതായാണ് വിവരം. എന്നാല്‍ ഈ തുക കൊണ്ട് ഈ സ്ഥലം ഇവര്‍ക്ക് പണം നല്‍കി ഏറ്റെടുക്കാമായിരുന്നു. പെരുവട്ടൂരിലെ ചാലോറ കുന്ന് വില നല്‍കിയാണ് കരാര്‍ കമ്പനി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. അവിടെ നിന്നാണ് റോഡ് നിര്‍മ്മാണത്തിനാവശ്യമായ മണ്ണ് ശേഖരിക്കുന്നത്.
കുന്ന്യോറ മലയില്‍ അശാസ്ത്രിയമായ രീതിയില്‍ കുത്തനെ മണ്ണെടുത്തത് കാരണം ഒട്ടനവധി വീടുകള്‍ക്ക് വിളളല്‍ രൂപപ്പെട്ടിട്ടുണ്ട്. മതില്‍ ഉറപ്പിക്കാന്‍ സോയില്‍ നെയ്‌ലിംങ് ചെയതപ്പോള്‍ 15 മീറ്ററിലധികം ഉളളിലേക്ക് കമ്പിഡ്രില്‍ ചെയ്തു അടിച്ചു കയറ്റിയത് മൂലം കുന്ന്യോറ മല പുഷ്പ ഭാസ്‌ക്കരന്റെ വീട്ടിലെ കിണറിന് പോലും ദ്വാരം വീണു ഉപയോഗ ശൂന്യമായി. കമ്പിയോടൊപ്പം രാസലായനിയും ഒഴിക്കുന്നുണ്ട്.
വലിയ ഉറപ്പില്ലാത്ത ഒരു തരം മണ്ണാണ് കുന്ന്യോറ മലയിലുളളത്. ഇവിടെ ഡ്രില്‍ ചെയ്തു മതില്‍ ഉറപ്പിച്ചാല്‍ വിണ്ടു കീറി ഒന്നിച്ചു തകരാനാണ് സാധ്യത. പാത യാഥാര്‍ത്യമായാല്‍ ചീറി പായുന്ന വാഹനങ്ങള്‍ക്ക് മുകളിലേക്ക് മണ്ണ് അടര്‍ന്ന് വീണാല്‍ വലിയ ദുരന്തമായിരിക്കും ഉണ്ടാവുക. സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ കൊയിലാണ്ടി നഗരസഭ സ്ഥലം ഏറ്റെടുക്കാന്‍ തയ്യാറാകണമെന്നാണ് വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.സുമതി ആവശ്യപ്പെടുന്നത്. നഗരസഭ ഏറ്റെടുത്ത് ഈ സ്ഥലം നിരപ്പാക്കിയാല്‍ ഏതെങ്കിലും തരത്തില്‍ തൊഴില്‍ സംരംഭങ്ങളും മറ്റും തുടങ്ങാന്‍ ഉപയോഗപ്പെടുത്താം.