900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇത്രയും വലിയ ഹട്ട് തകർന്ന് വീണിട്ടും നിഷ്മ(25) യുടെ കൂടെയുണ്ടായിരുന്ന 16 പേരിൽ ഒരാൾക്ക് പോലും പരിക്കേറ്റിട്ടില്ല. നിഷ്മയുടെ ആന്തരിക അവയവങ്ങൾക്കാണ് പരിക്കേറ്റത്. ശരീരത്തിൽ നിന്നും ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടില്ല. ഒരു ഹട്ടിൽ നാല് ടെന്റുകളാണ് ഉണ്ടായിരുന്നത്. ഒരു ടെന്റിൽ രണ്ടു പേരാണ് കിടന്നത്. ഇതിൽ ഒരാൾക്ക് മാത്രമേ അപകടം സംഭവിച്ചിട്ടുള്ളു.
മരണശേഷം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ആരും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഹട്ട് പൊളിഞ്ഞതാണോ അതോ പൊളിച്ചതാണോ അല്ലെങ്കിൽ അവിടെ മറ്റെന്തെങ്കിലും നടന്നോ എന്ന് ഞങ്ങൾക്ക് അറിയണമെന്നും കുടുംബം പറയുന്നു. വ്യഴാഴ്ച പുലർച്ചെയാണ് എമറാൾഡ് വെഞ്ചേഴ്സ് എന്ന സ്വകാര്യ റിസോർട്ടിലുണ്ടായ അപകടത്തിൽ നിലമ്പൂർ സ്വദേശി നിഷ്മ മരിച്ചത്. രാത്രി 12:30 ഓടെയാണ് അപകടം നടന്നത്. കോഴിക്കോട് സ്വന്തം ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു യുവതി.
