2025 മെയ് 20 നു നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9 ലേക്ക് മാറ്റി. സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം. മെയ് 20 ന് പ്രാദേശികാടിസ്ഥാനത്തിൽ പ്രതിഷേധ ദിനം ആചരിക്കും.
വിലക്കയറ്റം നിയന്ത്രിക്കുക, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയവയിന്മേലുള്ള ചരക്ക് സേവന നികുതി ഒഴിവാക്കുക, പാചകവാതകത്തിനും പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള കേന്ദ്ര എക്സൈസ് നികുതി കുറയ്ക്കുക, പൊതുവിതരണം സാര്‍വത്രികമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകളുടെ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചത്.
സാറ്റൂട്ട്യറി പെൻഷൻ പുനഃസ്ഥാപിക്കുക എന്നതും പണിമുടക്കിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. ജീവനക്കാരുടെ വിഹിതമായി ജീവനക്കാരില്‍നിന്ന് പിരിച്ചെടുക്കുന്ന തുക ഓഹരിക്കമ്പോളത്തിലെ ചൂതാട്ടങ്ങള്‍ക്ക് വിട്ടുകൊടുക്കുന്ന നാഷണൽ പെൻഷൻ പദ്ധതിയും (എൻപിഎസ്) ഏകീകൃത പെൻഷൻ പദ്ധതിയും (യുപിഎസ്) ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്നത് ഉൾപ്പടെ 17 മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതി ദേശീയ പണിമുടക്ക് സംഘടിപ്പിക്കുന്നത്.