കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദക്ഷിണ മേഖല റെയിൽവേ മാനേജർ ശ്രീ ആർ എൻ സിംഗ് ഷാഫി പറമ്പിൽ എംപിക്ക് ഉറപ്പുനൽകി. എൻ എസ് ജി 3 കാറ്റഗറിയിലേക്ക് ഉയർത്തപ്പെട്ട കൊയിലാണ്ടി സ്റ്റേഷന്റെ വാണിജ്യ സാധ്യതകൾ പരിഗണിച്ച് സ്റ്റേഷനെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കണമെന്ന്, പാലക്കാട് റെയിൽവേ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സൗകര്യത്തിനായി പുതിയ ലിഫ്റ്റ്, സിസിടിവി, അനൗൺസ്മെൻ്റ് സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുന്നുണ്ട് എന്നും പുതിയ കെട്ടിടം ഉൾപ്പെടെ ആധുനിക സൗകര്യങ്ങൾ താമസിയാതെ ഏർപ്പെടുത്തുമെന്നും മാനേജർ എംപിയെ അറിയിച്ചു.
നിലവിൽ പ്രധാനപ്പെട്ട ട്രെയിനുകൾക്ക് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തത് കാരണം യാത്രക്കാർ അനുഭവിക്കുന്ന പ്രയാസങ്ങൾ മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ സ്റ്റോപ്പ് അനുവദിക്കുന്നത് റെയിൽവേ ബോർഡിൻ്റെ അധികാരപരിധിയിൽ പെട്ടതാണെന്നും ഈ കാര്യം അവരുമായി ആശയവിനിമയം നടത്തി എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കാമെന്നും ജനറൽ മാനേജർ അറിയിച്ചു.