കൂരാച്ചുണ്ട് : കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഉരക്കുഴിക്ക് സമീപമുള്ള ശങ്കരൻപുഴയിലെ വെള്ളത്തിൽ പെട്ട വിനോദസഞ്ചാരികളെ വനംവകുപ്പ് ജീവനക്കാരും, ഇക്കോ ടൂറിസം ഗൈഡുമാരും ചേർന്ന് രക്ഷപ്പെടുത്തി. ബുധനാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് വിനോദസഞ്ചാരികൾ സാധാരണ നിലയിൽ ഇറങ്ങാറുള്ള മേഖലയിൽ തിക്കോടിയിൽ നിന്ന് വന്ന കുടുംബം കുളിക്കാനിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തത് കാരണം വെള്ളം കുറച്ചു പൊങ്ങിയിരുന്നു. ഇത് കാരണം നിലവിൽ നിൽക്കുന്ന മേഖലയിൽ നിന്ന് അപ്പുറത്തേക്ക് മാറരുതെന്ന് ഗൈഡുമാർ കർശന നിർദേശം കൊടുത്തിരുന്നുവെങ്കിലും സംഘത്തിലെ പെൺകുട്ടി ആഴമുള്ള സ്ഥലത്ത് പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ അപകടത്തിൽ പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും മറ്റു രണ്ട് പേർ കൂടി വെള്ളം കൂടിയ മേഖലയിൽ പെടുകയായിരുന്നു.
അൽപ്പം ദൂരെ സമീപത്തുണ്ടായിരുന്ന ഇക്കോ ടൂറിസം ഗൈഡ് സലോമി തോമസ് ഉടനടി ഓടിയെത്തി വെള്ളത്തിലേക്ക് ചാടി മുങ്ങി താഴുകയായിരുന്ന ഒരാളെ പൊക്കിയെടുത്തു. വെള്ളത്തിൽ മുങ്ങി പോകുമായിരുന്ന മറ്റൊരു പെൺകുട്ടിയും സലോമിയുടെ ശരീരത്ത് പിടിച്ചു നിൽക്കാൻ ശ്രമിക്കുകയും ചെയ്തു.ശബ്ദം കേട്ടെത്തിയ വനം വകുപ്പ് ജീവനക്കാരൻ ബിജീഷ്, വാച്ചർ ശ്രീജിൽ എന്നിവരും ഉടനടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതോടെ വലിയൊരു അപകടമാണ് ഒഴിവായത്. തിക്കോടി ആമ്പച്ചികാട്ടിൽ ചിന്നപുരം പാലൂർ ഷൗക്കത്ത്, അഷ്റഫ്, ഹാരിസ് എന്നിവരുടെ മക്കളായ ഫർഹാന ഷൗക്കത്ത് ( 26 ), മെഹന അഷ്‌റഫ് (13), ഖദീജ ഹാരിസ് ( 13 ) എന്നിവരാണ് അപകടത്തിൽ പെട്ടത്. പ്രഥമ ശുശ്രൂഷകൾക്ക് ശേഷം മൂവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘അപകടം ഒളിഞ്ഞിരിക്കുന്നു : സഞ്ചാരികൾ നിർദേശങ്ങൾ പാലിക്കണം’
ജലാശയങ്ങളെ കുറിച്ച് അറിയാവുന്ന പ്രദേശവാസികളുടെയും, പ്രദേശത്തെ ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ വിമുഖത കാണിക്കുന്നതാണ് പലപ്പോഴും അപകടത്തിന് കാരണമാകുന്നത്.
കക്കയം – കരിയാത്തും പാറ മേഖലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പതിനഞ്ചോളം വിനോദ സഞ്ചാരികളുടെ ജീവൻ നഷ്ടമായിരുന്നു. രണ്ട് ഡസനിലേറെ ആളുകളെ പ്രദേശവാസികൾ രക്ഷപ്പെടുത്തിയത് കൊണ്ടാണ് മരണ സംഖ്യ കുറഞ്ഞത്.
അവധിക്കാലത്ത് സന്ദർശനത്തിനെത്തുന്നവരാണ് മുങ്ങിമരിക്കുന്നതിലേറെയും. സ്ഥലപരിചയമില്ലാതെ അമിത ആത്മവിശ്വാസത്തോടെ വെള്ളത്തിലിറങ്ങി അപകടത്തിൽപെടും. അതിസാഹസികത കാട്ടാനുള്ള ശ്രമങ്ങളും അപകടത്തിലാക്കും.
നന്നായി നീന്തൽ അറിയാമെന്ന ആത്മവിശ്വാസത്തിൽ ഇറങ്ങുന്നത് അടിയൊഴുക്കേറിയ കയങ്ങളിലായിരിക്കും.മുങ്ങിമരണങ്ങളിലേറെയും സംഭവിക്കുന്നത് ഇങ്ങനെയാണ്. പല വിധത്തിൽ പുഴകൾ അപകടക്കെണിയാകാം. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവ അപകടമുണ്ടാക്കും. ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. പുഴയെ കുറിച്ചും കാലാവസ്ഥയെ കുറിച്ചും അറിയാവുന്ന പ്രദേശവാസികളുടെയും, ഗൈഡുമാരുടെയും വാക്കുകൾ മുഖവിലക്കെടുക്കാൻ സഞ്ചാരികൾ തയ്യാറായാൽ തന്നെ അപകട സാധ്യത കുറയും.