മേപ്പയ്യൂർ: ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക, പെൻഷൻ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള ആശാ ഹെൽത്ത് വർക്കേർസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു നയിക്കുന്ന രാപ്പകൽ സമര യാത്രയ്ക്ക് മെയ് 15 വ്യാഴാഴ്ച രാവിലെ 9 മണിക്ക് മേപ്പയ്യൂരിൽ സ്വീകരണം നൽകുന്നു. മേപ്പയ്യൂർ ബസ് സ്റ്റാന്റ് ഗ്രൗണ്ടിൽ നടക്കുന്ന സ്വീകരണ സമ്മേളനം ജില്ലാ ഐക്യദാർഢ്യസമിതി ചെയർ പേഴ്സൺ വി.പി. സുഹ്റ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-സാമൂഹ്യ സംഘടനാ പ്രതിനിധികൾ സംസാരിക്കും.
മെയ് 5 ന് കാസറഗോഡ് നിന്ന് ആരംഭിച്ച സമരയാത്ര ജൂൺ 17 ന് തിരുവനന്തപുരത്ത് സമാപിക്കും. കോഴിക്കോട് ജില്ലയിൽ മൂന്ന് ദിവസമായി നടക്കുന്ന രാഷ്ട്രീയ- സാംസ്കാരികരംഗത്തെ പ്രമുഖർ സംസാരിക്കും . നാടക – ഗായക സംഘം നടത്തുന്ന കലാപരിപാടികളും സ്വീകരണത്തിൻ്റെ ഭാഗമായി അരങ്ങേറുമെന്ന് സ്വാഗത സംഘം ചെയർമാൻ പി.കെ. പ്രിയേഷ് കുമാർ, കൺവീനർ രവീന്ദ്രൻ വള്ളിൽ എന്നിവർ അറിയിച്ചു.