വോട്ടർ പട്ടിക കുറ്റമറ്റതാക്കുന്ന സംവിധാനം സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. സംസ്ഥാനത്താകെ 25,464 പോളിങ് ബൂത്തുകൾ കേന്ദ്രീകരിച്ച് 27,000ത്തിൽപരം ബൂത്ത് ലവൽ ഏജന്റുമാരുടെ സേവനം ഇതിനായി വിനിയോഗിക്കും. വോട്ടർമാരുടെ പേരു നീക്കം ചെയ്യുകയോ ചേർക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്ന നടപടികൾക്കാണ് ഇവരുടെ സഹായം.
ഏജന്റുമാർ നൽകുന്ന പരാതികളും അഭിപ്രായങ്ങളും ബൂത്ത് ലവൽ ഓഫിസർമാർ (ബിഎൽഒ) നേരിട്ടു പരിശോധിച്ച് ഇലക്ടറൽ റജിസ്റ്റർ ഓഫിസർമാർക്കു (ഇആർഒ) നൽകും. തുടർന്നു നടപടിയെടുക്കും. നേരത്തേ, റവന്യു വകുപ്പിലെ തഹസിൽദാർമാരായിരുന്നു ഇആർഒമാർ. പിന്നീട് രാജ്യത്താകെയുള്ള രീതിയുടെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശപ്രകാരം ഡപ്യൂട്ടി കലക്ടർമാർക്ക് ചുമതല നൽകി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന പ്രത്യേക പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്നുള്ള 50 ഇആർഒമാരും ഒരു നിയമസഭാ മണ്ഡലത്തിൽ നിന്നു 2 ബിആൽഒമാർ വീതം 280 പേരും ഡൽഹിക്കു പോകും. നേരത്തേ അതത് സംസ്ഥാനങ്ങളിൽ മാസ്റ്റർ ട്രെയിനർമാരെ ഉപയോഗിച്ചായിരുന്നു പരിശീലനം. ഗ്യാനേഷ് കുമാർ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയതിനെ തുടർന്നാണ് ഇപ്പോഴത്തെ പരിഷ്കാരം.