കൊയിലാണ്ടി: അപകട ഭീഷണി നിലനില്‍ക്കുന്ന കുന്ന്യോറമല ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംങ്ങ് സന്ദര്‍ശിച്ചു. മണ്ണിടിയാന്‍ സാധ്യതയുളള ഇവിടെ ബാക്കി സ്ഥലം കൂടി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തോട് , ഏറ്റെടുക്കല്‍ നടപടികള്‍ക്ക് കാലതാമസം ഉണ്ടാവുമെന്നതിനാല്‍ നിലവില്‍ ഇവിടെ ഭിത്തി ഉറപ്പിക്കാന്‍ ചെയ്യുന്ന സോയില്‍ നെയ്‌ലിംങ് തുടരാന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.
മഴക്കാലം മണ്ണിടിഞ്ഞാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാമെന്ന ഉറപ്പും കലക്ടര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട്, കൗണ്‍സിലര്‍ കെ.എം.സുമതി എന്നിവരും പ്രദേശവാസികളും സ്വീകരിച്ചത്. സ്ഥലം ഏറ്റെടുക്കുന്നതിന് എന്താണ് തടസ്സമെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ കലക്ടര്‍ തയ്യാറായില്ല.
ബൈപ്പാസ് റോഡ് നിര്‍മ്മാണം കാരണം കുന്ന്യോറ മലയിലെ താമസക്കാരുടെ യാത്രാ ദുരിതം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് സ്ത്രീകളടക്കമുളളവര്‍ കലക്ടറോട് പറഞ്ഞു. സോയില്‍ നെയ്‌ലിങ്ങിനായി 15 മീറ്റര്‍ താഴ്ചയില്‍ കമ്പി അടിച്ചു കയറ്റിയതിനാല്‍ കിണര്‍വെളളം പോലും മലിനമായി. വീടുകള്‍ക്ക് വിളളല്‍ വീണതായും അവര്‍ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് ഒരേയൊരു മാര്‍ഗ്ഗം സ്ഥലം ഏറ്റെടുത്ത് തട്ട് തട്ടായി മണ്ണെടുത്തു മാറ്റുകയാണെന്ന പ്രദേശവാസികളുടെ അഭിപ്രായത്തോട് കലക്ടറും യോജിച്ചു.