ഉളളിയേരി ഗ്രാമ പഞ്ചായത്തിലെ അഞ്ചാമത്തെ ആരോഗ്യ ഉപകേന്ദ്രം ഒന്നാം വാര്‍ഡിലെ കക്കഞ്ചേരിയില്‍ സജ്ജമാകുന്നു. പുതിയ ഇരുനില കെട്ടിടത്തിന്റെ നിര്‍മ്മാണം ഏതാണ്ട് പൂര്‍ത്തിയായി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം 55 ലക്ഷം രൂപ ചെലവിലാണ് നിര്‍മ്മിച്ചത്. ബാലുശ്ശേരി എം.എല്‍.എ കെ.എം സച്ചിന്‍ ദേവിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് വാര്‍ഡ് മെമ്പര്‍ ചന്ദ്രിക പൂമഠത്തില്‍ പറഞ്ഞു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിച്ചത്. വരുന്ന ഓഗസ്റ്റ് സെപ്റ്റംബര്‍ മാസത്തിനുളളില്‍ പുതിയ കെട്ടിടത്തില്‍ ആരോഗ്യ ഉപകേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങും. പഴയ ജീര്‍ണ്ണാവസ്ഥയിലായ കെട്ടിടം നിലനിന്ന സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ പ്ലംബിങ്ങ് പണിയാണ് ഇപ്പോള്‍ നടക്കുന്നത്. എട്ടര സെന്‍റ് സ്ഥലത്താണ് കക്കഞ്ചേരി ഉപകേന്ദ്രം നിര്‍മ്മിക്കുന്നത്. ഇവിടെ ചുറ്റുമതില്‍ ,മുറ്റം കട്ട പാകല്‍ എന്നിവ കൂടി നടത്തണം. നിലവില്‍ എല്ലാഴ്‌പ്പോഴും വെളളം കിട്ടുന്ന കിണര്‍ കെട്ടിടത്തിന്റെ മുന്നിലുണ്ട്. ഇത് വൃത്തിയാക്കേണ്ടി വരും.
കക്കഞ്ചേരിയെ കൂടാതെ പുത്തഞ്ചേരി,കന്നൂര്,ഒറവില്‍,കുന്നത്തറ എന്നിവിടങ്ങളിലാണ് ആരോഗ്യ ഉപകേന്ദ്രം അനുവദിച്ചത്. പുത്തഞ്ചേരി കെട്ടിടം ഉദ്ഘാടനം ചെയ്തു. കന്നൂര്,കുന്നത്തറ എന്നിവിടങ്ങളില്‍ കെട്ടിടത്തിന്റെ പണി നടക്കുകയാണ്. ഒറവില്‍ ഉപകേന്ദ്രത്തിന്റെ പണി തുടങ്ങിയിട്ടില്ല. സ്വകാര്യ വ്യക്തി നല്‍കിയ സ്ഥലം രജിസ്‌ട്രേഷന്‍ നടത്തിയാലെ പണി തുടങ്ങുകയുളളു.
ഉളളിയേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഉളളിയേരി മാമ്പൊയിലാണ്. ഇവിടെ നാല് ഡോക്ടര്‍മാരുടെ സേവനം ഉണ്ട്. ഇത് കൂടാതെയാണ് അഞ്ച് ഉപകേന്ദ്രങ്ങള്‍ കൂടി സജ്ജമാക്കിയത്. ഉപകേന്ദ്രങ്ങളിലും പരമാവധി ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാകുമെന്നാണ് അറിയിച്ചത്. കൂടുതല്‍ സ്ഥലങ്ങളില്‍ ആരോഗ്യ ഉപകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് രോഗികള്‍ക്ക് വലിയ തോതില്‍ പ്രയോജനം ചെയ്യും. ചെറിയ രോഗങ്ങള്‍ക്ക് പോലും താലൂക്ക് ആശുപത്രികളെയോ,മെഡിക്കല്‍ കോളേജിനെയോ ആശ്രയിക്കേണ്ട അവസ്ഥ ഇതോടെ മാറും. ജീവിത ശൈലി രോഗ നിര്‍ണ്ണയവും ഇത്തരം ഉപകേന്ദ്രങ്ങളില്‍ നടത്താന്‍ കഴിയും.