കൊയിലാണ്ടി: പൊയില്‍ക്കാവ് കലോപൊയില്‍ പാടം നിറയെ താമര വിരിഞ്ഞു നില്‍ക്കുന്നത് നയനാനന്ദമാകുന്നു. ഈ വര്‍ഷമാണ് ഈ പാടത്ത് ഇത്രയും താമരകള്‍ ഒന്നിച്ച് പൂവിട്ടതെന്ന് പരിസരവാസികള്‍ പറയുന്നു. താമര പൂവ് മൊബൈല്‍ ഫോണില്‍ പകര്‍ത്താനും, താമരപ്പാടത്ത് നിന്ന് സെല്‍ഫിയെടുക്കാനും നിരവധി പേരാണ് ഇവിടെയെത്തുന്നത്. പൊയില്‍ക്കാവ് കലോപ്പൊയില്‍ കാഞ്ഞിലശ്ശേരി റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് കൗതുക കാഴ്ചയാണിത്.
വര്‍ഷങ്ങളായി നെല്‍കൃഷിയൊന്നും ചെയ്യാതെ കാടും പുല്ലു വളര്‍ന്ന് നില്‍ക്കുന്ന പാടമാണിത്. മുമ്പൊക്കെ നല്ല രീതിയില്‍ നെല്‍കൃഷി ചെയ്തിരുന്ന പാടമാണിത്. ഒരു പാട് കാലമായി കൃഷി ചെയ്യാതെ കിടന്ന പാടത്താണ് താമര വളളി പടര്‍ന്ന് കയറിയത്. ഇപ്പോള്‍ പാടം നിറയെ താമര വളളിയാണ്. ഇതിലെല്ലാം നിറയെ പൂക്കളുമുണ്ട്. ശുദ്ധജലത്തിലാണ് താമര പൂവ് വളരുക. മുമ്പൊക്കെ കൊല്ലം ചിറയിലും മുചുകുന്ന് കടുക്കുഴിയിലും നിറയെ താമര വള്ളികളും പൂക്കളുമായിരുന്നു. ചിറ നവീകരണത്തോടെ രണ്ടിടത്തും ഇപ്പോള്‍ താമരയില്ല.