കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫ് എംഎൽഎ ചുമതലയേറ്റു. ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങിൽ മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സണ്ണി ജോസഫിന് ചുമതല കൈമാറി. വര്‍ക്കിങ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്ത എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിന് മുമ്പായി പുതിയ കെപിസിസി നേതൃത്വം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.
സണ്ണി ജോസഫ്, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ്, എ പി അനില്‍കുമാര്‍, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എന്നിവരാണ് എ കെ ആന്റണിയുടെ വീട്ടിലെത്തിയത്. കൂടാതെ പുതിയ നേതൃത്വം കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയുടെയും കെ കരുണാകരന്റെയും സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തിയിരുന്നു.
ചുമതല കൈമാറുന്ന ചടങ്ങിൽ തന്റെ കാലയളവിലെ നേട്ടങ്ങളെ കുറിച്ച് മുൻ പ്രസിഡണ്ട് കെ സുധാകരൻ സംസാരിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് കോൺഗ്രസിന് 20 ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടാകുന്നത്. അത് തന്റെ കാലയളവിലാണ് എന്നും സുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന ജയം നേടാൻ സാധിച്ചുവെന്നും ഭൂരിപക്ഷ കണക്കുകളിലും കോൺഗ്രസിന് തന്റെ കാലയളവിൽ മികച്ച നേട്ടങ്ങൾ ഉണ്ടായെന്നും സുധാകരൻ പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവുള്ളവരോടും ഇരട്ടചങ്കനോടും നോ കോംപ്രമൈസ് എന്നതാണ് തന്റെ നിലപാട് എന്നും സുധാകരൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ സണ്ണി ജോസഫിനെ കുറിച്ചും സുധാകരൻ പരാമർശിച്ചു. സണ്ണി ജോസഫ് തന്റെ സഹോദരനെപ്പോലെയാണ്. തന്റെ കൈപിടിച്ച് തനിക്ക് പിന്തുണ തന്ന സണ്ണി ഈ പദവിയിൽ എത്തുന്നത് അഭിമാനകരം എന്നാണ് സുധാകരൻ പറഞ്ഞത്.