കൊയിലാണ്ടി: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തിനെയും -കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവർത്തി ആരംഭിക്കുന്നു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പാലം നിര്‍മ്മാണ കരാര്‍ എടുത്തത്. പ്രവർത്തി ഉദ്ഘാടനം മേയ് 31ന് വൈകീട്ട് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാവും.
21,77,68,196 രൂപ ചെലവിലാണ് അകലാപ്പുഴക്ക് കുറുകേ നടേരിക്കടവില്‍ പാലം നിര്‍മ്മിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് നടേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം ചുമതല. 212.5 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മ്മിക്കുക. കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂര്‍ വിയ്യൂര്‍ റോഡുമായും കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുമായാണ് നടേരിക്കടവ് പാലം ബന്ധിപ്പിക്കുക. പാലത്തിന് ഏഴ് സ്പാനുകളായിരിക്കും ആകെ ഉണ്ടാകുക. കൊയിലാണ്ടി ഭാഗത്ത് സമീപ റോഡിന് 450 മീറ്ററും കീഴരിയൂര്‍ ഭാഗത്ത് 20.3 മീറ്റര്‍ നീളവും ഉണ്ടാകും.അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പാലത്തിന്റെ സെന്‍ട്രല്‍ സ്പാനിന് 50 മീറ്റര്‍ നീളമുണ്ടാകും.
നടേരിക്കടവില്‍ പാലം വന്നാല്‍ നടുവത്തൂര്‍ വഴി വരുന്ന വാഹനങ്ങള്‍ക്ക് കൊയിലാണ്ടി നഗരത്തില്‍ വേഗമെത്താന്‍ കഴിയും. മുത്താമ്പി അരിക്കുളം ഭാഗത്തുള്ളവര്‍ക്ക് കൊല്ലം വിയ്യൂര്‍ ഭാഗത്തേക്ക് പോകാനും എളുപ്പം കഴിയും.ഒരുപാട് പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പാലമായിരിക്കും ഇത്.
നടേരിക്കടവ് പാലം നിര്‍മ്മാണത്തിനോടൊപ്പം പെരുവട്ടൂര്‍-നടേരിക്കടവ്-വിയ്യൂര്‍ -കൊടക്കാട്ടുംമുറി-റോഡും വികസിപ്പിക്കണം. പെരുവട്ടൂര്‍ മുക്ക്-വിയ്യൂര്‍ റോഡ് (രണ്ട് കിലോമീറ്റര്‍) പുനരുദ്ധാരണത്തിനാണ് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവർത്തി ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം. നടേരിക്കടവ് പാലം നിര്‍മ്മാണത്തിന് പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണനും കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയും ശക്തമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മുസ്ലിംലീഗ് നേതാവായിരുന്ന
ടി. ഉമ്മറും ഈ പാലത്തിന്റെ നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിരന്തരമായി ഇടപെട്ടിട്ടുണ്ട്.