എസ്.എസ്.എൽ.സിക്ക് ശേഷമുള്ള പ്രധാന ഉപരിപഠന മാർഗമായ ഹയർസെക്കൻഡറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചുള്ള വിജ്ഞാപനം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. സർക്കാർ സ്കൂളുകളിലെ മുഴുവൻ സീറ്റുകളിലേക്കും എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെൻറ്, കമ്യൂണിറ്റി ക്വോട്ട ഒഴികെ മുഴുവൻ മെറിറ്റ് സീറ്റുകളിലേക്കും വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന ഏകജാലക പ്രവേശനത്തിലൂടെയാണ് അലോട്മെൻറ് നടക്കുന്നത്.
മാനേജ്മെന്റ്, കമ്യൂണിറ്റി, അൺഎയ്ഡഡ് ക്വോട്ടകളിൽ സ്കൂൾതലത്തിൽ അപേക്ഷിക്കണം. ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനവും പ്രോസ്പെക്ടസും പ്രവേശന പോർട്ടലായ https://hscap.kerala.gov.inൽ ലഭ്യമാണ്. ഓൺലൈൻ വഴി മെയ് 14 മുതൽ 20 വരെ https://hscap.kerala.gov.in ൽ അപേക്ഷിക്കാം. ട്രയൽ അലോട്ട്മെൻറ് മെയ് 24നും ആദ്യ അലോട്ട്മെൻറ് ജൂൺ രണ്ടിനും നടത്തും.
അപേക്ഷ കാൻഡിഡേറ്റ് ലോഗിൻ വഴി
അപേക്ഷിക്കാൻ https://hscap.kerala.gov.in എന്ന അഡ്മിഷൻ ഗേറ്റ്വേയിലെ ‘Click for Higher Secondary Admission’ എന്നതിലൂടെ ഹയർസെക്കൻഡറി പ്രവേശന പോർട്ടലിൽ പ്രവേശിച്ച് CREATE CANDIDATE LOGIN-SWS എന്ന ലിങ്കിലൂടെ കാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കണം. മൊബൈൽ ഒ.ടി.പിയിലൂടെ സുരക്ഷിത പാസ്വേഡ് നൽകി സൃഷ്ടിക്കുന്ന കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് അപേക്ഷിക്കുന്നതിന് പുറമെ പ്രവേശന പ്രവർത്തനങ്ങളും നടത്തേണ്ടത്. അപേക്ഷിക്കൽ, അപേക്ഷ പരിശോധന, ട്രയൽ അലോട്ട്മെൻറ് പരിശോധന, ഓപ്ഷൻ പുനഃക്രമീകരണം, അലോട്ട്മെൻറ് പരിശോധന, രേഖകളുടെ സമർപ്പണം, ഫീസ് ഒടുക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കാൻഡിഡേറ്റ് ലോഗിൻ നിർബന്ധമാണ്.
കാൻഡിഡേറ്റ് ലോഗിനിലെ APPLY ONLINE ലിങ്കിലൂടെ സ്വന്തമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. പത്താംതരം പഠന സ്കീം ‘others’ വിഭാഗത്തിൽ വരുന്നവർ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പ് (100 കെ.ബിയിൽ കവിയാത്ത പി.ഡി.എഫ് ഫോർമാറ്റിൽ) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. ഭിന്നശേഷി വിഭാഗത്തിലുള്ളവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി (100 കെ.ബി/ പി.ഡി.എഫ്) അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ സർട്ടിഫിക്കറ്റുകളൊന്നും അപ്ലോഡ് ചെയ്യേണ്ട.
അപേക്ഷിക്കലും ഓപ്ഷനും
ലോഗിൻ പേജിൽ യോഗ്യതാ പരീക്ഷയുടെ സ്കീം, രജിസ്റ്റർ നമ്പർ, മാസം, വർഷം, ജനനതീയതി, മൊബൈൽ നമ്പർ എന്നിവ നൽകി ‘Application Submission Mode’ (സ്വന്തമായോ/ സ്കൂൾ സഹായക കേന്ദ്രം/ മറ്റ് രീതി) തെരഞ്ഞെടുക്കുകയും സെക്യൂരിറ്റി ക്യാപ്ച ടൈപ്പ് ചെയ്ത് സബ്മിറ്റ് ചെയ്യണം. ഇതോടെ ഓൺലൈൻ അപേക്ഷയുടെ ആദ്യഭാഗം ദൃശ്യമാകും. ഇവിടെ അപേക്ഷാർഥിയുടെ പൊതുവിവരം നൽകണം.
അപേക്ഷകന്റെ ജാതി, കാറ്റഗറി, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, എൻ.സി.സി/ സ്കൗട്ട് പ്രാതിനിധ്യം, പത്താം ക്ലാസ് പഠിച്ച സ്കൂൾ തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തണം. വിവിധ ക്ലബുകളുടെ പ്രവർത്തനത്തിൽ പങ്കാളിയായിട്ടുണ്ടെങ്കിൽ ‘ടിക്ക്’ മാർക്ക് ചെയ്യുക. ആദ്യതവണ പരീക്ഷ പാസായവർ ചാൻസ് 1 എന്ന് രേഖപ്പെടുത്തണം. ആദ്യമായി പരീക്ഷയെഴുതിയ വർഷം തന്നെ സേ പരീക്ഷയിലൂടെ ജയിച്ചവർ ചാൻസ് 1 എന്നാണ് രേഖപ്പെടുത്തേണ്ടത്. ഒന്നിലധികം തവണകളായാണ് പാസായതെങ്കിൽ എത്ര തവണ എന്നത് ചാൻസായി രേഖപ്പെടുത്തണം. പൊതുവിവരങ്ങൾ സബ്മിറ്റ് ചെയ്താൽ ഗ്രേഡ് രേഖപ്പെടുത്താനുള്ള പേജ് വരും. ഗ്രേഡ് പോയൻറ് നൽകിയാൽ സുപ്രധാന ഘട്ടമായ ഓപ്ഷൻ നൽകുന്ന പേജിൽ എത്തും.
പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളും ആ സ്കൂളിലെ ഒരു വിഷയ കോംബിനേഷനും ചേരുന്നതാണ് ഒരു ഓപ്ഷൻ. പഠിക്കാൻ ഏറ്റവും ഇഷ്ടപ്പെടുന്ന സ്കൂളും കോംബിനേഷനും ആദ്യ ഓപ്ഷനായി നൽകണം. ആദ്യ ഓപ്ഷൻ ലഭിച്ചില്ലെങ്കിൽ പിന്നീട് പരിഗണിക്കേണ്ട സ്കൂളും കോംബിനേഷനും തുടർന്നുള്ള മുൻഗണനാ ക്രമത്തിൽ നൽകണം. ഇങ്ങനെ കൂടുതൽ സ്കൂളുകളും കോംബിനേഷനുകളും ക്രമത്തിൽ നൽകാം.
പ്രവേശന സാധ്യത മനസ്സിലാക്കാൻ കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങൾ വെബ്സൈറ്റിൽ (www.hscap.kerala.gov.in) പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിച്ചാൽ അതിന് ശേഷമുള്ള ഓപ്ഷനുകൾ (ലോവർ ഓപ്ഷൻ) റദ്ദാകും. അലോട്ട്മെൻറ് ലഭിച്ചതിന് മുകളിലുള്ള ഓപ്ഷനുകൾ (ഹയർ ഓപ്ഷൻ) നിലനിൽക്കും. ആവശ്യമുള്ള ഓപ്ഷനുകൾ നൽകി സബ്മിറ്റ് ചെയ്താൽ അപേക്ഷയുടെ മൊത്തം വിവരങ്ങൾ പരിശോധനക്ക് ലഭിക്കും. ആവശ്യമെങ്കിൽ തിരുത്തൽ വരുത്തി ഫൈനൽ കൺഫർമേഷൻ നൽകി അപേക്ഷ സമർപ്പണം പൂർത്തിയാക്കണം.
വിഷയ കോമ്പിനേഷനുകൾ
സയൻസ് വിഷയങ്ങളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒമ്പത് വിഷയ കോമ്പിനേഷനുകളാണ് ലഭ്യമാകുന്നത്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ് എന്നിവക്ക് പുറമെ ഹോം സയൻസ്, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നിവയാണ് സയൻസ് കോമ്പിനേഷനിൽ വരുന്ന വിഷയങ്ങൾ. മാനവിക വിഷയങ്ങൾക്ക് ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനുകളാണുള്ളത്. കൊമേഴ്സ് ഗ്രൂപ്പിൽ നാല് കോമ്പിനേഷനും ലഭ്യമാണ്. പഠിക്കാൻ ആഗ്രഹിക്കുന്ന സ്കൂളിൽ ലഭ്യമായ കോമ്പിനേഷനുകൾ ഏതാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
ഹെൽപ് ഡെസ്കുകൾ
അപേക്ഷകർക്ക് സ്വന്തമായോ പത്താംതരം പഠിച്ച സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ അപേക്ഷിക്കാം. പ്രദേശത്തെ സർക്കാർ/ എയ്ഡഡ് സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും ഉപയോഗിക്കാം. സ്കൂൾതലത്തിൽ ഇതിന് ഹെൽപ് ഡെസ്കുകൾ പ്രവർത്തിക്കും.
പ്രവേശന സമയക്രമം
മെറിറ്റ് ക്വോട്ട (ഏകജാലകം)
• അപേക്ഷ സമർപ്പണം: മെയ് 14-20
• ട്രയൽ അലോട്ട്മെൻറ്: മെയ് 24
• ഒന്നാം അലോട്ട്മെൻറ്: ജൂൺ രണ്ട്
• മൂന്നാം അലോട്ട്മെൻറ് അവസാനിക്കൽ: ജൂൺ 17
• ക്ലാസ് തുടങ്ങുന്നത്: ജൂൺ 18
• സപ്ലി. അലോട്ട്മെൻറ്: ജൂൺ 28 -ജൂലൈ 23
സ്പോർട്സ് ക്വോട്ട
• രജിസ്ട്രേഷനും വെരിഫിക്കേഷനും: മെയ് 23 – 28.
• ഓൺലൈൻ രജിസ്ട്രേഷൻ: മെയ് 24-29.
• ഒന്നാം അലോട്ട്മെൻറ് ജൂൺ മൂന്ന്
• മുഖ്യ അലോട്ട്മെൻറ് അവസാനിക്കൽ ജൂൺ 16
ട്രയൽ അലോട്ട്മെൻറ്
അപേക്ഷകരുടെ പ്രവേശന സാധ്യത സൂചിപ്പിക്കുന്നതാണ് ട്രയൽ അലോട്ട്മെൻറ്. ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ച ശേഷം അപേക്ഷയിൽ തെറ്റ് ഉണ്ടെങ്കിൽ കാൻഡിഡേറ്റ് ലോഗിനിലൂടെ നിർദിഷ്ട ദിവസങ്ങളിൽ തിരുത്താം. തെരഞ്ഞെടുത്ത സ്കൂളുകളും വിഷയ കോംബിനേഷനും ഉൾപ്പെടെ മാറ്റാം.
മുഖ്യഘട്ടം മൂന്ന് അലോട്ട്മെന്റ്
മൂന്ന് അലോട്ട്മെൻറുകൾ അടങ്ങുന്നതാണ് മുഖ്യഘട്ടം. മുഖ്യഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെൻററി അലോട്ട്മെൻറ് നടത്തും. ഒന്നാം അലോട്ട്മെൻറിൽ ഉയർന്ന ഓപ്ഷൻ ശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. എന്നാൽ, മുഖ്യ അലോട്ട്മെൻറ് പ്രക്രിയ (മൂന്നാം അലോട്ട്മെൻറ്) അവസാനിക്കുന്നതോടെ താൽക്കാലിക പ്രവേശനത്തിൽ തുടരുന്നവർ പ്രവേശനം സ്ഥിരപ്പെടുത്തണം.
മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക് പരിഗണിക്കാൻ അപേക്ഷയും ഓപ്ഷനും ഒഴിവുകൾക്കനുസൃതമായി പുതുക്കി നൽകണം. അലോട്ട്മെൻറ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്മെൻറുകളിൽ പരിഗണിക്കില്ല. മുഖ്യഘട്ടത്തിൽ അപേക്ഷിക്കാത്തവർക്ക് സപ്ലിമെൻററി ഘട്ടത്തിൽ പുതിയതായി അപേക്ഷ നൽകാം. അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്മെൻറുകൾക്കുശേഷം ജില്ലാന്തര സ്കൂൾ/ കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.
മൈനസ് പോയൻറ്
ഒന്നിലധികം അവസരമെടുത്താണ് പത്താംതരം പാസായതെങ്കിൽ ആകെ ഗ്രേഡ് പോയൻറിൽ നിന്ന് അധികമെടുത്ത ഒാരോ അവസരത്തിനും ഒാരോ പോയൻറ് എന്ന നിലയിൽ കുറക്കും. ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ വർഷം തന്നെ സേ പരീക്ഷ എഴുതി പാസായവർക്ക് മൈനസ് പോയൻറില്ല.
ഒന്നിൽ കൂടുതൽ അപേക്ഷ പാടില്ല
ഒരു ജില്ലയിൽ ഒന്നിൽ കൂടുതൽ അപേക്ഷകൾ മെറിറ്റ് സീറ്റിലേക്ക് നൽകാൻ പാടില്ല. ഒന്നിലധികം ജില്ലയിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷയുടെ പ്രിൻറൗട്ട് സ്കൂളുകളിൽ നൽകേണ്ട.
ഒന്നിലധികം ജില്ലയിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഒരിടത്ത് മാത്രമേ പ്രവേശനം നേടാവൂ. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകൾ റദ്ദാകും.
സീറ്റ് സംവരണം (ശതമാനത്തിൽ)
• ഓപൺ മെറിറ്റ് -42,
• പട്ടികജാതി -12
• പട്ടികവർഗം -8
• സാമ്പത്തിക പിന്നാക്കം (ഇ.ഡബ്ല്യു.എസ്) -10
• ഈഴവ/ തിയ്യ/ ബില്ലവ -8, മുസ്ലിം -7
• ലത്തീൻ കത്തോലിക്ക/ ആംഗ്ലോ ഇന്ത്യൻ -3
• പിന്നാക്ക ഹിന്ദു -3, ധീവര/ അവാന്തര വിഭാഗങ്ങൾ -2, വിശ്വകർമ/ അനുബന്ധ വിഭാഗങ്ങൾ -2
• പിന്നാക്ക ക്രിസ്ത്യൻ- 1,കുടുംബി- 1
• കുശവൻ/ അനുബന്ധ വിഭാഗങ്ങൾ -1
പ്രവേശനം സ്ഥിരവും താൽക്കാലികവും
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെൻറ് ലഭിക്കുന്നവർ ഫീസൊടുക്കി നിശ്ചിത സമയത്തിനുള്ളിൽ സ്കൂളിൽ സ്ഥിര പ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റ് ഒഴിഞ്ഞതായി കണക്കാക്കും. ഈ വിദ്യാർഥികൾക്ക് പ്രവേശനത്തിന് പിന്നീട് അവസരം നൽകില്ല. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി. പ്രവേശന യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ പ്രിൻസിപ്പലിന് നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.
മെച്ചപ്പെട്ട ഓപ്ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടാം. മൂന്നാം അലോട്ട്മെൻറ് കഴിയുന്നതുവരെ മാത്രമേ താൽക്കാലിക പ്രവേശനത്തിൽ തുടരാനാകൂ. താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻറ് ലഭിച്ചവർ പ്രവേശനം സ്ഥിരപ്പെടുത്താൻ ഉയർന്ന ഓപ്ഷൻ റദ്ദാക്കി ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.
ഇങ്ങനെയുള്ളവർ ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാൻ വിവരം പ്രവേശനം നേടുന്ന ദിവസംതന്നെ സ്കൂൾ പ്രിൻസിപ്പലിനെ രേഖാമൂലം അറിയിക്കണം. ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യാത്തവർ അടുത്ത ഘട്ടത്തിൽ വരുന്ന അലോട്ട്മെൻറ് മാറി ലഭിച്ചാൽ പുതിയ സ്കൂളിലേക്ക് മാറണം. തെറ്റായ വിവരങ്ങൾ നൽകി നേടുന്ന അലോട്ട്മെന്റ് റദ്ദാക്കുകയും പ്രവേശനം നിരസിക്കുകയും ചെയ്യും.
അമിത ഫീസ് പിരിച്ചാൽ നടപടി
പ്രോസ്പെക്ടസിൽ നിർദേശിച്ച ഫീസുകൾക്ക് പുറമെ പി.ടി.എ ജനറൽ ബോഡി തീരുമാനമുണ്ടെങ്കിൽ 400 രൂപ രക്ഷാകർത്താവിൽനിന്ന് ഫണ്ടായി ശേഖരിക്കാം. എന്നാൽ, ഈ തുക കൊടുക്കാൻ നിർബന്ധിക്കാൻ പാടില്ല.
ഇതിന്റെ പേരിൽ പ്രവേശനം നിഷേധിക്കാനും പാടില്ല. അനധികൃത ഫണ്ട് ശേഖരണം നടത്തുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്കൂളിൽ ഒടുക്കുന്ന ഫീസുകൾക്ക് രസീതുകൾ ചോദിച്ചുവാങ്ങണം. പി.ടി.എ ഫണ്ട് നൽകിയ കുട്ടികളുടെ വിശദാംശങ്ങളും തുകയും സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.