ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലെ സുരക്ഷ വർദ്ധിപ്പിച്ചതിന് പിന്നാലെ യാത്രക്കാരുടെ ചെക്ക് ഇൻ ലഗേജുകളും കാർഗോയും പരിശോധിക്കാൻ പുതിയ സംവിധാനം ഏർപ്പെടുത്തി. നിലവിലുള്ള രീതിയ്ക്ക് വ്യത്യസ്തമായി ഇനി മുതൽ ലഗേജ്, കാർഗോ പരിശോധനയ്ക്കും സിഐഎസ്എഫ് മേൽനോട്ടം വഹിക്കും. നിലവിലെ സാഹചര്യത്തിൽ താത്കാലികമായാണ് തീരുമാനം. ഇപ്പോഴത്തെ അറിയിപ്പ് അനുസരിച്ച് മേയ് 18 വരെ ഈ സംവിധാനം തുടരും.
നിലവിൽ വിമാനത്താവളം ഓപ്പറേറ്റ് ചെയ്യുന്ന കമ്പനിയോ അല്ലെങ്കിൽ എയർപോർട്ട് അതോറിറ്റിയോ, അതത് വിമാന കമ്പനികളുമായി സഹകരിച്ചാണ് ചെക്ക് ഇൻ ബാഗേജുകളും കാർഗോയും പരിശോധിക്കുന്നത്. അതേസമയം യാത്രക്കാർ കൊണ്ട് വരുന്ന ക്യാബിൻ ബാഗുകൾ സിഐഎസ്എഫ് ഉദ്യോഗസ്ഥർ പരിശോധിക്കുകയും ബോർഡിങിന് മുമ്പായി യാത്രക്കാരെ വിധേയമാക്കുന്ന പരിശോധനകൾ സിഐഎസ്എഫ് തന്നെ നടത്തുന്നതുമായിരുന്നു ഇപ്പോഴത്തെ രീതി. പുതിയ തീരുമാനത്തോടെ എല്ലാ പരിശോധനകളും സിഐഎസ്എഫിന്റെ ചുമതലയിലും മേൽനോട്ടത്തിലും തന്നെയായിരിക്കും.
സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ മേയ് ഒൻപതാം തീയ്യതി പുറത്തിറക്കിയ അിറിയിപ്പിലാണ് കാർഗോ ഓപ്പറേഷനുകൾക്കും ഇൻലൈൻ ഹോൾഡ് ബാഗേജ് സ്‍ക്രീനിങ് സിസ്റ്റത്തിലെ പരിശോധനകൾക്ക് കൂടി താത്കാലികമായി സിഐഎസ്‍എഫിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മേയ് ഒൻപത് മുതൽ 18 വരെയാണ് സിഐഎസ്എഫിന് ഈ അധിക ചുമതല നൽകിയിരിക്കുന്നത്. എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും സിഐഎസ്എഫ് പ്രസ്താവനയിൽ അറിയിച്ചു.