സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെയുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം 77 പുരുഷന്മാരും 95 സ്ത്രീകളുമുള്‍പ്പടെ 172 തീര്‍ഥാടകരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍ നിന്ന് യാത്ര തിരിച്ചു.
പുലര്‍ച്ചെ 12.45-നാണ് ആദ്യ വിമാനം യാത്ര തിരിച്ചത്. ആദ്യ വിമാനത്തിലേക്കുള്ള തീര്‍ഥാടകര്‍ വെള്ളിയാഴ്ച രാവിലെ ക്യാമ്പിൽ എത്തിയിരുന്നു. തീര്‍ഥാടകരുടെ ജുമുഅ നിസ്‌കാരം ക്യാമ്പില്‍ വെച്ച് നടത്തി. ഹജ്ജ് ഹൗസില്‍ വിപുലമായ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ ദേഹപരിശോധന, ഇമിഗ്രേഷന്‍ നടപടികള്‍ തുടങ്ങിയവ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് സൗകര്യമുണ്ട്. ഇതിനായി വളണ്ടിയര്‍മാര്‍ സഹായം നല്‍കും. ഇന്ത്യ- പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് എയര്‍ ട്രാഫിക്ക് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകളില്‍ നിന്നുള്ള ഹജ്ജ് സര്‍വീസുകളില്‍ തീര്‍ഥാടകരുടെ ലഗേജ് ഭാരത്തിലെ നിയന്ത്രണങ്ങള്‍ മെയ് 12 തിങ്കളാഴ്ച വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.