അതിർത്തി സംസ്ഥാനങ്ങളിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ, വിവിധ സർവകലാശാലകളിൽ പഠിക്കുന്ന എഴുപത്തിയഞ്ച് മലയാളി വിദ്യാർഥികൾ കേരള ഹൗസിലെത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് കേരള ഹൗസിലെത്തിയത്.
ഇന്നലെ രാത്രിയോടെയും (വെള്ളിയാഴ്ച) ഇന്ന് പുലർച്ചെയുമായാണ് ഈ വിദ്യാർഥികൾ കേരള ഹൗസിൽ എത്തിയതെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണിവർ. നോർക്കയുടെ ഡൽഹിയിലെ കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പറായ 01123747079 വഴി ബന്ധപ്പെട്ടാണ് വിദ്യാർഥികൾ കേരള ഹൗസിലെത്തിയത്.
വിദ്യാർഥികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയ ശേഷം, ഇന്നുതന്നെ വിമാനങ്ങളിലും ട്രെയിനുകളിലുമായി അവരെ കേരളത്തിലേക്ക് അയക്കാനുള്ള നടപടികൾ നോർക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ട്. അതിർത്തിയിൽ സംഘർഷം തുടങ്ങിയത് മുതൽ സംസ്ഥാന സർക്കാർ നോർക്കയിലും കേരളത്തിലെ സെക്രട്ടേറിയറ്റിലും 24 മണിക്കൂർ കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചിരുന്നു. സംഘർഷം നിലനിൽക്കുന്ന പ്രദേശങ്ങളിലെ മലയാളികൾക്ക് സഹായം നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും വേണ്ടിയാണ് ഈ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നത്.
അഡീഷണൽ റെസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ കൺട്രോളർ എ.എസ് ഹരികുമാർ , ലെയ്സൺ ഓഫീസർ രാഹുൽ കെ. ജെയ്സ്വാർ, നോർക്ക ഡെവല്പ്പമെൻ്റ് ഓഫീസർ ജെ. ഷാജിമോൻ, പി. ഡബ്ല്യു. ഡി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. ബൈജു അസിസ്റ്റൻ്റ് എഞ്ചിനീയർമാരായ എൻ. ശ്രീഗേഷ്, സി. മുനവർ ജുമാൻ, ടൂറിസം ഇൻഫർമേഷൻ ഓഫീസർ കെ. സുനിൽകുമാർ കെ.എസ് ഇ.ബി റെസിഡൻ്റ് എഞ്ചിനീയർ ഡെന്നീസ് രാജൻ ഐ.& പി.ആർ ഡി അസിസ്റ്റൻ്റ് എഡിറ്റർ രതീഷ് ജോൺ, അസിസ്റ്റൻ്റ് ലെയ്സൺ ഓഫീസർമാരായ, റ്റി.ഒ. ജിതിൻ രാജ്, പി.ആർ വിഷ്ണുരാജ്, എസ്. സച്ചിൻ , ജയരാജ് നായർ , ആർ. അതുൽ കൃഷ്ണൻ, എന്നിവരെ കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. കൺട്രോൾ റൂം ഹെൽപ്പ് ലൈൻ നമ്പർ. 01123747079.