ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ശനിയാഴ്ച മുതല്‍ (10.05.2025) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളും മറ്റൊരു സമയത്തേക്ക് മാറ്റാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ആഘോഷം തുടരേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ നടന്നുവരുന്ന പ്രദര്‍ശന-വിപണന മേളകള്‍ നിശ്ചയിച്ച തീയതി വരെ തുടരും. എന്നാല്‍, കലാപരിപാടികള്‍ ഉണ്ടാവുകയില്ല.
കലാപരിപാടികളും പ്രഭാത പരിപാടികളും ഒഴിവാക്കി. ഇനി നടക്കാനുളള ആറ് ജില്ലകളിലെ പരിപാടികള്‍ മറ്റൊരു സമയത്തേക്ക് മാറ്റിവെച്ചു. രാജ്യം യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനാലാണ് ആഘോഷങ്ങള്‍ ഒഴിവാക്കാനുളള തീരുമാനം.
ഭീകരവാദികളെ ശക്തമായി നേരിടണമെന്ന നിലപാട് രാജ്യത്ത് ഒറ്റക്കെട്ടായി ഉയര്‍ന്നുവന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാകിസ്ഥാന്‍ തുടരെ തുടരെ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും ഈ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘര്‍ഷത്തില്‍ അയവ് വരുന്ന സാഹചര്യമല്ല കാണുന്നതെന്നും മന്ത്രിസഭാ യോഗം വിഷയം ചര്‍ച്ച ചെയ്തെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.