അതിർത്തി സംസ്ഥാനങ്ങളിൽ പഠനം നടത്തുന്ന മലയാളി വിദ്യാർത്ഥികൾക്ക് നാട്ടിലേക്ക് മടങ്ങുവാൻ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം പി. റെയിൽവേ വകുപ്പ് മന്ത്രിക്ക് കത്തയച്ചു. പഞ്ചാബ്, ജമ്മു-കശ്മീർ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ അതിർത്തി സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തി വരുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷിതമായ മടക്ക യാത്ര ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എം പി ബഹു. റെയിൽവേ വകുപ്പ് മന്ത്രി ശ്രീ. അശ്വനി വൈഷ്ണവിന് കത്ത് അയച്ചത്.
ഇന്ത്യ പാകിസ്ഥാൻ അതിർത്തിയിലെ നിലവിലുള്ള സംഘർഷ സാഹചര്യത്തിൽ വിദ്യാർത്ഥികളും അവരുടെ കുടംബങ്ങളും വലിയ ആശങ്കയിലാണ്. അതിർത്തി സംസ്ഥാനങ്ങളിലെ ക്യാമ്പസുകളിലാണ് ഈ വിദ്യാർത്ഥികൾ പഠനം നടത്തുന്നത്. മിക്ക ക്യാമ്പസുകളും പ്ര ത്യേത സാഹചര്യം പരിഗണിച്ച് അവധിക്കാലം നേരത്തെയാക്കി പരീക്ഷകൾ പോലും മാറ്റി വെച്ചിരിക്കുകയാണ്. അക്രമസാധ്യതയും അനിശ്ചിതത്ത്വവും നിറഞ്ഞ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങുവാൻ അവസരം ഒരുക്കണമെന്ന് എം. പി കത്തിൽ ആവശ്യപ്പെട്ടു.
പഞ്ചാബ്, ഡൽഹി, അഹമ്മദാബാദ് എന്നിവടങ്ങളിൽ നിന്ന് കേരളത്തിലലക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യം. അനുകൂലമായ തീരുമാനം ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾക്ക് ആശ്വാസമാകുമെന്ന് കത്തിൽ എം പി അറിയിച്ചു.