കൊയിലാണ്ടി : ജില്ലയില്‍ നാല് ബ്ലോക്കുകളില്‍ കൂടി മൃഗ സംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സജ്ജമാകുന്നു. കൊയിലാണ്ടി,വടകര,പേരാമ്പ്ര,കോഴിക്കോട് ബ്ലോക്കുകളിലാണ് പുതുതായി മൊബൈല്‍ വെറ്റിറിനറി യൂനിറ്റ് പ്രവര്‍ത്തന ക്ഷമമാകുന്നത്. നേരത്തെ തൂണേരി,കൊടുവളളി ബ്ലോക്കില്‍ മൊബൈല്‍ വെറ്ററിനറി യൂനിറ്റ് നിലവിലുണ്ടായിരുന്നു. അവശ്യ ഘട്ടങ്ങളില്‍ കന്നുകാലികള്‍ക്കും ഓമന മൃഗങ്ങള്‍ക്കും ശസ്ത്രക്രിയ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍ അടിയന്തിരമായി കര്‍ഷകന്റെ വീടുകളില്‍ എത്താനുളള സര്‍ജറി യൂണിറ്റ് കോഴിക്കോട് ജില്ലാ മൃഗ സംരക്ഷണ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക.
വൈകീട്ട് ആറ് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണിവരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറും അറ്റന്‍ഡര്‍ കം ഡ്രൈവറുമാണ് യൂണിറ്റില്‍ ഉണ്ടാവുക. അടിയന്തിര ഘട്ടങ്ങളില്‍ 1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ ,അതാതിടത്തെ മൊബൈല്‍ യൂണിറ്റുകള്‍ കര്‍ഷകന്റെ വീടുകളിലെത്തി വളര്‍ത്തു മൃഗങ്ങള്‍ക്ക് മറ്റ് വളര്‍ത്ത് പക്ഷികള്‍ക്കും ചികിത്സ നല്‍കും. എന്നാല്‍ വാഹനത്തിന്റെ വാടകയായി 450 രൂപ കര്‍ഷകന്‍ നല്‍കണം. മറ്റ് ചികിത്സാ ചെലവുകള്‍ ഒന്നും നല്‍കേണ്ടതില്ല. കന്നുകാലികളുടെ പ്രസവം,വീഴ്ച,അകിട് വീക്കം,തുടങ്ങിയ അവശ്യഘട്ടങ്ങളില്‍ ഈ മൊബൈല്‍ വെറ്റിനറി യൂനിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം. കൊയിലാണ്ടിയില്‍ മൃഗചികിത്സ രാത്രികാലത്തും ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച മൊബൈൽ വെറ്ററിനറി യൂണിറ്റിൻ്റെ ഉദ്ഘാടനം കാനത്തിൽ ജമീല എം. എൽ. എ ഓൺ ലൈനായി നിർവ്വഹിച്ചു.
കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട് അധ്യക്ഷയായ ചടങ്ങിൽ ബ്ലോക്ക് പ്രസിഡണ്ട്. പി. ബാബുരാജ് മുഖ്യാഥിതിയായി. ഡോ. കെ.എം. മനോജ് ലാൽ പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ ഇന്ദിര, ഇ.കെ.അജിത്ത് , പ്രജില സി, നിജില പറവക്കൊടി , കൗൺസിലർമാരായ എം. പ്രമോദ്, സജിത പി, എ . അസീസ് എന്നിവർ സംസാരിച്ചു. നഗരസഭ ചെയർ പേഴ്സ്ൺ സുധ കിഴക്കേപ്പാട്ട് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ഡോ. സുനിൽകുമാർ സ്വാഗതവും നിധീഷ് എ. കെ. നന്ദിയും പറഞ്ഞു. കൊയിലാണ്ടി മൃഗാശുപത്രി കേന്ദ്രമായി പ്രവർത്തിക്കുന്ന യൂണിറ്റിൻ്റെ സേവനം വൈകിട്ട് 6 മണി മുതൽ രാവിലെ അഞ്ച് മണിവരെ ലഭ്യമായിരിക്കും. ആവശ്യമുള്ളവർക്ക് 1962 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിക്കാവുന്നതാണ്.