സ്കൂൾ പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് വലിയ തുക പിരിക്കുന്ന പിടിഎ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഗവ. സ്കൂളുകൾ അടക്കം പല സ്കൂളുകളും പ്രവേശന സമയത്ത് വിദ്യാർത്ഥികളിൽ നിന്ന് നിർബന്ധമായി അയ്യായിരത്തോളം രൂപവരെ പിരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. വിവിധ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പണപ്പിരിവ്.
എന്നാൽ പിടിഎ ഫണ്ടുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്നും ഇതിൽ പറയുന്ന തുകയ്ക്കപ്പുറം പിരിക്കാൻ പാടില്ല എന്ന് ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
സർക്കാർ നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിക്കുന്ന പിടിഎ കമ്മിറ്റികൾ അന്വേഷണം നടത്തി പിരിച്ചുവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. പിടിഎ അംഗത്വ ഫീസിന്റെ പ്രതിശീർഷക നിരക്ക് താഴെ പറയുന്ന പ്രകാരം നിജപ്പെടുത്തിയിട്ടുണ്ട്.
എൽ പി വിഭാഗം 10 രൂപ. യുപി വിഭാഗം 25 രൂപ.ഹൈസ്കൂൾ വിഭാഗം 50 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 100 രൂപ എന്ന നിരക്കിലാണ്. പ്രത്യേക ആവശ്യങ്ങൾക്കുള്ള പിരിവ് മുൻ വർഷത്തിലെ മൂന്നാം ടേമിലെ പി.ടി.എ. ജനറൽ ബോഡിയോഗം തീരുമാനിക്കുകയാ ണെങ്കിൽ സ്കൂളിലെ നടപ്പ് അക്കാദമിക വർഷത്തെ പ്രത്യേകം നിർവചിക്കപ്പെട്ടിട്ടുള്ള അക്കാദമിക ആവശ്യങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന പരമാവധി നിരക്കിൽ ഓരോ വിഭാഗത്തിലെ വിദ്യാർത്ഥി/ രക്ഷിതാവിൽ നിന്നും ഫണ്ട് ശേഖരിക്കാവുന്നതാണ്.
എൽ പി വിഭാഗം 20 രൂപ. യുപി വിഭാഗം 50 രൂപ. ഹൈസ്കൂൾ വിഭാഗം 100 രൂപ. ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കണ്ടറി 400 രൂപ.
ഓരോ രക്ഷിതാവിനെയും മേൽപ്പറഞ്ഞ തുക കൊടുക്കാൻ നിർബന്ധിക്കുകയോ പ്രസ്തുത തുക കൊടുക്കാത്ത രക്ഷിതാവിന്റെ മകൾ/മകന് സ്കൂൾ പ്രവേശനം നിഷേധിക്കുകയോ ചെയ്യാൻ പാടില്ലെന്നും മന്ത്രി അറിയിച്ചു.
അനുവദനീയമായി പിരിച്ചെടുക്കാൻ കഴിയുന്ന തുകകൾ ഇതായിരിക്കെ സ്കൂളുകളിലെ പി.ടി.എ. അംഗത്വ ഫീസ് പ്രത്യേക ആവശ്യങ്ങൾക്കായുള്ള പണപ്പിരിവ് എന്നിവ സംബന്ധിച്ച് വിവിധങ്ങളായ പരാതികൾ ഇന്ന് രക്ഷിതാക്കളിൽ നിന്നും ഉയർന്നു വരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ചില പി.ടി.എ. കമ്മിറ്റികൾ സ്കൂൾ അദ്ധ്യയന കാര്യങ്ങളിലും സ്കൂൾ അധികൃതരുടെ ഭരണപരമായും സർവ്വീസ് സംബന്ധമായ ഉള്ള കാര്യങ്ങളിൽ ഇടപെടുന്നത് സംബന്ധിച്ച് പരാതികൾ വരുന്നത്.
പരാതിയുണ്ടെങ്കിൽ ബന്ധപ്പെടാവുന്ന നമ്പർ
04832734888