ആര്‍ക്കൈവ്‌സ് രേഖകളിലെ  കോണ്‍ഗ്രസ്സ് പത്രിക – ചരിത്രത്താളുകളിലൂടെ എം.സി. വസിഷ്ഠ്

കോഴിക്കോട് സിവില്‍സ്റ്റേഷനിലെ റീജിയണല്‍ ആര്‍ക്കൈവ്‌സ് പബ്ലിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ബണ്ടില്‍ നമ്പര്‍ 1 A, സീരിയല്‍ നമ്പര്‍ 26 എന്ന ഫയല്‍  കൊളോണിയല്‍ മലബാറില്‍ പ്രസിദ്ധീകരിച്ചിരുന്ന കോണ്‍ഗ്രസ്സ് പത്രികയെക്കുറിച്ചുള്ള  വിവരങ്ങള്‍ നല്‍കുന്നു. ഈ ഫയലിലെ ആദ്യത്തെ രേഖ 19.12.1932 ന് കോഴിക്കോട് ജില്ലാകലക്ടറുടെ ഓഫീസില്‍ നിന്ന്  രഹസ്യരേഖയായി  മദ്രാസ് ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്കയച്ച കത്ത് കാണാം. കോഴിക്കോട്ടെ കല്ലായിയിലെ പോസ്റ്റോഫീസ് വഴി  കോണ്‍ഗ്രസ്സ് പത്രികയുടെ 25 കോപ്പികള്‍ അടങ്ങിയ ഒരു കവര്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് അയക്കപ്പെട്ടിരിക്കുന്നു. കത്ത് അയച്ചിട്ടുള്ളത്  കല്ലായിലെ സെക്രട്ടറി സനാതന ഹിന്ദുസമാജം ആണ്. കത്ത് കിട്ടേണ്ടത് ശിവശങ്കരപ്പിള്ള  സെക്രട്ടറി സഹോദരസമാജം കുഴിത്തറ, പി.ഒ.മാര്‍ത്താണ്ഡം, തിരുവനന്തപുരം എന്ന വിലാസത്തിലാണ്. കോണ്‍ഗ്രസ്സ് പത്രിക എന്നത് കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ  കോഴിക്കോട് ശാഖ പ്രസിദ്ധീകരിച്ചതാണ്.  ഈ പത്രത്തിന് ഗവണ്‍മെന്റിന്റെ അംഗീകാരം  ഇല്ല.  പത്രത്തിന്റെ 25 കോപ്പികള്‍  പിടിച്ചെടുത്തിരിക്കുകയാണ്.  അതില്‍ ഒരു കോപ്പി മദ്രാസ് എ.ജി.ജി.യ്ക്കും (അഡ്വക്കറ്റ് ജനറലിനും) മറ്റൊരു കോപ്പി  ഡി.ഐ.ജി, സി.ഐ.ഡി ഓഫ് പോലീസിനും അയച്ചുകൊടുത്തിട്ടുണ്ട്. ഡി.ഐ.ജി.യോട് പത്രത്തിന്റെ പ്രസാധകരെ കുറിച്ചും പത്രം പ്രസിദ്ധീകരിക്കുന്ന സ്ഥലത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
മജിസ്‌ട്രേറ്റിന്റെ ഓഫീസിലെ  രണ്ടാമത്തെ കത്തില്‍  കോണ്‍ഗ്രസ്സ് പത്രികയില്‍  ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന  ആക്ഷേപാര്‍ഹമായ ഉള്ളടക്കങ്ങളുണ്ടെന്നും അതുകൊണ്ട് പത്രം നിരോധിക്കണമെന്നും കത്തില്‍ പറയുന്നു. ഈ ഫയലിലെ മൂന്നാമത്തേത്  1933 ജനുവരി  11 ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ  രഹസ്യ റിപ്പോര്‍ട്ടാണ്.  ഈ രഹസ്യ റിപ്പോര്‍ട്ട്  പത്രം അയച്ചിരിക്കുന്ന  ശിവശങ്കരപ്പിള്ളയെക്കുറിച്ചും  സഹോദരസമാജത്തെക്കുറിച്ചുമാണ്. ഈ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസ്സ് പത്രികയുടെ പബ്ലിക്കേഷന്‍സ് സെക്രട്ടറി ടി.എന്‍.രാമുണ്ണി മേനോനാണെന്നും  എന്നാല്‍ അദ്ദേഹം ശിക്ഷ അനുഭവിച്ചുകൊണ്ട് ജയിലിലാണെന്നും  പത്രത്തിന്റെ യഥാര്‍ത്ഥ രൂപം ഉണ്ടായത് കൊച്ചിയിലാണെന്നും പറയുന്നു.  ശിവശങ്കരപ്പിള്ളയെപ്പറ്റിയും സഹോദരസമാജത്തെക്കുറിച്ചും  താഴെപ്പറയുന്ന വിവരങ്ങളാണ്  ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്, സി.ഐ.ഡി ആയ സുബ്രഹ്മണ്യപ്പിള്ള കണ്ടെത്തിയിട്ടുള്ളത്.
1932 ലാണ് സഹോദരസമാജം സ്ഥാപിതമായത്. ഇപ്പോള്‍ 38 അംഗങ്ങളുണ്ട് അതിന്റെ സിക്രട്ടറി ശിവശങ്കരപ്പിള്ളയാണ്.  അദ്ദേഹം ദേവസ്വം വകുപ്പില്‍ ജോലി ചെയ്തിരുന്നു. ഇപ്പോളദ്ദേഹത്തിന് ജോലിയൊന്നുമില്ല.  ഈ കഴിഞ്ഞ വൃശ്ചികമാസം അതായത് 1932 നവംബര്‍  മാസത്തില്‍  സമാജത്തിന്റെ ഒരു പൊതുയോഗം ചേര്‍ന്നതെന്നും യോഗത്തില്‍ തൊട്ടുകൂടായ്മ  നീക്കം ചെയ്യണമെന്നും  ക്ഷേത്രങ്ങള്‍ കീഴ്ജാതിയില്‍പ്പെട്ടവര്‍ക്ക്  തുറന്നുകൊടുക്കണമെന്നുമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. മേല്‍പറഞ്ഞ പ്രവര്‍ത്തനത്തിനപ്പുറത്തേക്ക് ഒരു പ്രവര്‍ത്തനവും  സഹോദരസമാജം നടത്തിയിട്ടില്ല. ഈ അടുത്ത കാലത്ത് ശിവശങ്കരപ്പിള്ള കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത്  കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ  അംശി നാരായപ്പിള്ളയാണ്.  അംശി നാരായണപ്പിള്ള കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി കോഴിക്കോട്ടെ പ്രസിഡന്റുമായും സെക്രട്ടറിയുമായും അംഗങ്ങളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഈ പത്രം അയച്ചു കൊടുത്തിരിക്കുന്നത്  ശിവശങ്കരപ്പിള്ളക്കാണ്.  ശിവശങ്കരപ്പിള്ളക്ക് കോഴിക്കോട്ടുള്ള  ഏകബന്ധം അംശി നാരായണപ്പിള്ളയുമായിട്ട്  മാത്രമാണ്.
എന്നാല്‍ അംശി നാരായണപ്പിള്ളയുടെ താല്പര്യപ്രകാരം  ആയിരിക്കണം കോഴിക്കോട്ടെ  പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റി  പ്രസിദ്ധീകരിച്ച കോണ്‍ഗ്രസ്സ് പത്രിക  ശിവശങ്കരപ്പിള്ളക്ക് അയച്ചു കൊടുത്തത്.  പിന്നീട് നമ്മള്‍ ഫയലില്‍ കാണുന്നത്  സി.ഐ.ഡി ആയ  സുബ്രഹ്മണ്യപ്പിള്ള അംശി നാരായണപ്പിള്ളയെ പറ്റി ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ്.
അംശി നാരായണപ്പിള്ളയുടെ സ്ഥലം തിരുവനന്തപുരത്ത് വിലവാന്‍കോട് താലൂക്കാണ്,  എന്നാല്‍ ഇപ്പോൾ അദ്ദേഹത്തിന്  കൃത്യമായ വാസസ്ഥലമില്ല.  തിരുവനന്തപുരം, ആലപ്പുഴ, കൊച്ചി,  മലബാര്‍ എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. അദ്ദേഹത്തിന്റെ പ്രധാന ജോലി ഇപ്പോള്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനമാണ്, അദ്ദേഹത്തിന് രണ്ട് സഹോദരരും മൂന്ന് സഹോദരിമാരും ഉണ്ട്.  അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും  കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരാണ്. 1926 ല്‍ അംശി നാരായണപ്പിള്ള മഹാത്മ എന്ന പത്രം ആരംഭിച്ചു.  മലയാളികള്‍ക്കിടയില്‍ മഹാത്മാഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും  ആശയങ്ങള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു  ഇതിന്റെ ഉദ്ദേശ്യം. ഒരു വര്‍ഷം മുമ്പ് പത്രത്തിന്റെ പ്രസിദ്ധീകരണം അവസാനിച്ചു. അതിനുശേഷം അദ്ദേഹം കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനങ്ങളില്‍  കൂടുതല്‍ വ്യാപൃതനായി.  1930 കളില്‍ അദ്ദേഹം എന്‍.പി.കുരുക്കള്‍, ശ്രീധര്‍ എന്നിവരുടെ  കൂടെ ചേര്‍ന്ന്  പയ്യന്നൂരിലെ ഉപ്പുസത്യാഗ്രഹ സമരസേനാനികള്‍ക്കായി പണം ശേഖരിച്ചു. ഇതിനിടയില്‍ മലയാളത്തില്‍ അദ്ദേഹം ചില ഗ്രന്ഥങ്ങള്‍  രചിച്ചു. താഴെ പറയുന്നവയാണ് അംശിനാരായണപ്പിള്ളയുടെ  രണ്ട് ഗ്രന്ഥങ്ങള്‍. സ്വതന്ത്രമല്ലിക, രണ്ടാം രാമായണം. ഈ രണ്ട് ഗ്രന്ഥങ്ങളും ബ്രിട്ടീഷ് ഭരണത്തെ നിശ്ചിതമായി വിമര്‍ശിക്കുന്നത്  ജനങ്ങളോട് ബ്രിട്ടീഷ് ഭരണത്തിനെതിരെ പ്രക്ഷോഭത്തില്‍ അണിചേരാനാന്‍ ആഹ്വാനം നല്‍കുന്നതുമാണ്. വരിക വരിക സഹജരേ എന്ന അനശ്വരമായ ദേശഭക്തിഗാനത്താല്‍  ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതാണ്  അംശി നാരായണപ്പിള്ളയുടെ വ്യക്തിത്വം.
രണ്ടാം രാമായണം എന്ന ആര്‍ക്കൈവ്സ് രേഖകളില്‍ അറിയപ്പെടുന്ന  അംശിയുടെ നാരായണപ്പിള്ളയുടെ കൃതി ഗാന്ധിജി രാമായണം എന്ന പേരിലും അറിയപ്പെടുന്നു.  ഇതില്‍ ഗാന്ധിജിയെ ശ്രീരാമനായും ഇന്ത്യയെ സീതയായും  ബ്രിട്ടീഷുകാരെ രാവണനായും ചിത്രീകരിക്കുന്നു. സ്വതന്ത്രസമര പ്രവര്‍ത്തകസേനാനികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായിരുന്നു ഈ കൃതി. ഈ ഗ്രന്ഥങ്ങള്‍ ജനങ്ങളെ ആക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നില്ലെങ്കിലും അവയിലെല്ലാം അങ്ങേയറ്റം ആക്ഷേപാര്‍ഹമായ കാര്യങ്ങളാണ്  ഉള്ളത്. ഈ ഗ്രന്ഥങ്ങളെല്ലാം പയ്യന്നൂര്‍ സത്യാഗ്രഹികള്‍ക്കും വിതരണം ചെയ്തിരുന്നു.  കൊച്ചിയില്‍ വെച്ച് അദ്ദേഹം സത്യാഗ്രഹസമരം, നവീനഭാരത യുദ്ധം എന്നീ ഗ്രന്ഥങ്ങളും പ്രസിദ്ധീകരിച്ചു. അംശി നാരായണപ്പിള്ളയുടെ എല്ലാ ഗ്രന്ഥങ്ങളും  തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ഭരണകൂടങ്ങള്‍ നിരോധിച്ചതാണ്.  ഈ നിരോധനത്തിനെതിരെയാണ് അദ്ദേഹം രണ്ടാം രാമായണം എന്ന ഗ്രന്ഥം രചിച്ചത്. അതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. 1932 ല്‍ അദ്ദേഹം ജയില്‍ മോചിതനായി.  അതേ വര്‍ഷം അദ്ദേഹം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആലപ്പുഴയിലെ അദ്ധ്യക്ഷനായി. 1932 ല്‍  അദ്ദേഹം തിരുവനന്തപുരം പുത്തരിക്കണ്ടി മൈതാനത്ത് കോണ്‍ഗ്രസ്സിന്റെ ഒരു യോഗം വിളിച്ചു കൂട്ടി. യോഗത്തില്‍ വിതരണം ചെയ്യാനുള്ള ഒരു ലഘുരേഖ സമരകാഹളം അദ്ദേഹം വായിച്ചു.  അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ പലപ്പോഴും  മുന്നോട്ട് വെക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളാണ്. കോണ്‍ഗ്രസ്സ് പത്രികക്ക് പിന്നെ എന്ത് പറ്റി എന്ന് എന്ത് സംഭവിച്ചു എന്ന്  ഈ ഫയലില്‍ പറയുന്നില്ല.  കോണ്‍ഗ്രസ്സ് പത്രികയും അംശി നാരായണപ്പിള്ളയെയും ബ്രിട്ടീഷ് ഭരണകൂടത്തിന് എത്രമാത്രം തലവേദന സൃഷ്ടിച്ചുവെന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്  ഈ കത്ത്.

Leave a Reply

Your email address will not be published.

Previous Story

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

Next Story

യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം നാളെ; 2000 പ്രതിനിധികള്‍ പങ്കെടുക്കും

Latest from Main News

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 99.69 പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു

ബന്ധുവീട്ടിൽ വെച്ച് വളർത്തുനായയുടെ നഖം കൊണ്ട് മുറിവേറ്റ വിദ്യാർത്ഥി പേവിഷബാധയെ തുടർന്ന് മരിച്ചു. ആലപ്പുഴ കരുമാടിയിൽ പടഹാരം ഗീതാ ഭവനത്തിൽ സരിത്

മെറിറ്റ് സ്കോളർഷിപ്പ് : പുതുക്കുന്നതിന് അപേക്ഷിക്കാം

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാംവർഷ ക്ലാസുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ്

നിപ ബാധിച്ച വളാഞ്ചേരി സ്വദേശിനി ഗുരുതരാവസ്ഥയിൽ; സമ്പർക്കപ്പട്ടികയിൽ 49 പേർ, റൂട്ട്മാപ്പ് പുറത്ത് വിട്ടു

മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയെന്ന്

ഐപിഎൽ റദ്ദാക്കി

അതിർത്തിയിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ നിർത്തിവെക്കാൻ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. പഹൽഗാം ഭീകരാക്രമണത്തിന്