കൊടുവള്ളി: അതിമാരക മയക്കു മരുന്നായ 12 ഗ്രാം ഹെറോയിനുമായി ആസാം നൗഗാൻ സ്വദേശി നസീം അഹമ്മദ് (27) നെ കൊടുവള്ളി പോലീസ് പിടികൂടി. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു.ഐപിഎസിന്റെ നിർദേശ പ്രകാരം ജില്ലയിലുടനീളം നടത്തി വരുന്ന ഓപ്പറേഷൻ ഡി-ഹണ്ട് പദ്ധതിയുടെ ഭാഗമായി താമരശ്ശേരി ഡിവൈഎസ്പി കെ. സുശീറിന്റെ മേൽ നോട്ടത്തിൽ താമരശ്ശേരി സബ് ഡിവിഷനിലെ ലഹരിക്കടത്തു സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടയിടെ കൊടുവള്ളി പോലീസ് ഇൻസ്‌പെക്ടർ കെ.പി.അഭിലാഷിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച അർദ്ധരാത്രിയോടെ കൊടുവള്ളി വാവാടുള്ള FCI ഗോഡൗണിനു സമീപത്തു നിന്നും മാരക മയക്കുമരുന്നായ 12 ഗ്രാം ഹെറോയിനുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിലായത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും നേപ്പാൾ അതിർത്തിയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തി കൊണ്ടുവന്ന മയക്കുമരുന്നാണിതെന്നു അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. നേപ്പാൾ അതിർത്തിയിൽ നിന്നും വൻ തോതിൽ ഹെറോയിൻ കേരളത്തിലേക്ക് കടത്തുന്ന സംഘം എറണാകുളം ജില്ലയിലെ പെരുമ്പാവൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നതായും പിടിയിലായയാൾ അതിലെ ഒരു കണ്ണിയാണെന്നും ചോദ്യം ചെയ്തതിൽ വ്യക്തമായിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ പത്തു ലക്ഷം രൂപയോളം വില വരുന്ന മയക്കു മരുന്നാണ് അന്വേഷണ സംഘം പിടികൂടിയത്.
കൊടുവള്ളി ഇൻസ്‌പെക്ടർ കെ.പി. അഭിലാഷ്, സബ്ബ് ഇൻസ്‌പെക്ടർ ഗൗതം ഹരി, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ ദിനേശ്.യു.വി, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ രതീഷ് കുമാർ.ടി.കെ, ഷെഫീഖ് നീലിയാനിക്കൽ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ എൻ. സന്ദീപ്, റിജോ മാത്യു, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ എഎസ്ഐ സജീവ്.ടി, ഡ്രൈവർ പോലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ ബിജേഷ് മലയമ്മ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ നവാസ് പനായി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് മയക്കു മരുന്നുമായി പ്രതിയെ പിടി കൂടിയത്.