പൊതുവിദ്യാലയങ്ങളിൽ ആഴ്ചയിൽ അഞ്ച് പ്രവർത്തനങ്ങൾ മതിയെന്ന് വിദഗ്ധസമിതിയുടെ ശുപാർശ. സ്കൂളുകളിൽ ശനിയാഴ്ചകൾ പ്രവർത്തിദിനം ആക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയാണ് പ്രവർത്തി ദിനങ്ങൾ കൂട്ടേണ്ടതില്ലെന്ന് ശുപാർശ നൽകിയത്.
പ്രവർത്തി ദിനങ്ങൾ സംബന്ധിച്ചു പഠിക്കുന്നതിന് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകൾ ഇങ്ങനെയാണ്.
ആഴ്ചയിൽ 5 പ്രവർത്തി ദിനങ്ങൾ മതി. ആവശ്യമെങ്കിൽ മാത്രം തുടർച്ചയായി 6 പ്രവർത്തി ദിനങ്ങൾ വരാത്ത രീതിയിൽ മാസത്തിൽ ഒരു ശനിയാഴ്ച അധ്യയന ദിനമാക്കാം.
ഹൈസ്‌കൂളിലെ പ്രവർത്തി സമയം രാവിലെയും വൈകീട്ടും അര മണിക്കൂർ വീതം കൂട്ടണം. സമയം 9.30 മുതൽ 4.30 വരെ ആക്കണം.
ഉച്ചയ്ക്കുള്ള ഇടവേള 5 മിനിറ്റ് കുറച്ച് വൈകുന്നേരത്തെ ഇന്റർവെൽ സമയം 5 മിനിറ്റിൽ നിന്ന് 10 മിനിറ്റായി കൂട്ടണം.
കലാ കായിക മത്സരങ്ങൾ പരമാവധി ശനിയാഴ്ചകളിലേക്ക് മാറ്റണം.
ടെർമിനൽ പരീക്ഷകളുടെ എണ്ണം 3 ൽ നിന്ന് 2 ആക്കി കുറക്കണം. ഒക്ടോബറിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതി.
വിദഗ്ധ സമിതിയുടെ ഈ ശുപാർശകൾ പഠിച്ചശേഷം വിദ്യാഭ്യാസ വകുപ്പ് ഉടൻ വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കും.