പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം ഇന്ന്. 36 മണിക്കൂർ നീണ്ടുനിൽക്കുന്ന തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചുകൊണ്ട് കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളിപ്പ് തുടങ്ങി. വടക്കുംനാഥ ക്ഷേത്ര സന്നിധിയിൽ ആദ്യം എത്തുന്ന ഘടകപൂരമാണ് കണിമംഗലം ശാസ്താവിൻ്റേത്.
മഠത്തില്‍വരവ് രാവിലെ 11 .30 ന് നടക്കും. ഉച്ചയോടെ ഘടക ക്ഷേത്രങ്ങളിലെ പൂരങ്ങൾ വടക്കുന്നാഥ സന്നിധിയിൽ ഒത്തുചേരും. ഉച്ചയ്ക്ക് 2 .30 ന് പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ടുള്ള ഇലഞ്ഞിത്തറമേളം നടക്കും. 3 മണിക്ക് നായ്ക്കനാലിൽ നിന്ന് ആരംഭിക്കുന്ന തിരുവമ്പാടിയുടെ മേളം ക്ഷേത്രത്തിന് പുറത്ത് ശ്രീമൂലസ്ഥാനത്ത് കൊട്ടിത്തിമിർക്കും.
വൈകിട്ട് അഞ്ചോടെയാണ് ലക്ഷങ്ങൾ കാത്തിരിക്കുന്ന വർണ്ണാഭമായ കുടമാറ്റം നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകളാണ് പൂരനഗരിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.