എല്ലാ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാൻ കഴിയുന്ന ഉദ്യോഗസ്ഥരുടെ മൊബൈൽ നമ്പറുകൾ പ്രദർശിപ്പിക്കണമെന്ന് ജില്ലാ വിജിലൻസ് കമ്മിറ്റി. എറണാകുളം ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിജിലൻസ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇതു സംബന്ധിച്ച് ഓഫീസുകൾക്ക് കർശന നിർദ്ദേശം നൽകും.
ജനങ്ങൾക്കു നേരിട്ട് പരാതികൾ നൽകുന്നതിനും എളുപ്പത്തിൽ നടപടികൾ ഉണ്ടാകാനും സഹായിക്കുന്നതിന്റെ ഭാഗമാണ് നടപടി. കഴിഞ്ഞ വിജിലൻസ് കമ്മിറ്റി യോഗങ്ങളിലായി 63 പരാതികളാണ് തീർപ്പാക്കിയത്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ എന്നിവർ സന്നിഹിതരായി.