രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘എൻ്റെ കേരളം’ പ്രദർശന-വിപണന മേളയോടനുബന്ധിച്ച് നടത്തിയ സെലിബ്രിറ്റി ഫുട്ബോൾ ആവേശമായി. ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരുമാണ് ഇരുടീമുകളിലായി അണിനിരന്നത്. ബീച്ച് സോക്കർ ടൗൺ ടർഫ് വേദിയായ വാശിയേറിയ മത്സരത്തിൽ മാധ്യമ പ്രവർത്തകരുടെ ടീം മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു.
മന്ത്രി പിഎ മുഹമ്മദ് റിയാസ് നയിച്ച ജനപ്രതിനിധികളുടെ ടീമിൽ എംഎൽഎ മാരായ ലിൻ്റോ ജോസഫ്, സച്ചിൻദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ഗവാസ്, കോർപ്പറേഷൻ കൗൺസിലർമാരായ മഹേഷ്, ബിജുലാൽ, ജംഷീർ, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ് എന്നിവർ അണിനിരന്നു. മാധ്യമ പ്രവർത്തകരുടെ ടീമിന് വേണ്ടി പ്രസ് ക്ലബ്ബ് സെക്രട്ടറി സജിത്ത്, ദ്വിപിൻ, നൗഫൽ എന്നിവർ ഗോൾ നേടി. കൂടാതെ വ്യാസ്, ജഗത്ത് ലാൽ, രാഹുൽ, ഹസനുൽ ബസരി, സുൽത്താൻ എന്നിവരും ബൂട്ടുകെട്ടി. ജനപ്രതിനിധികളുടെ ടീമിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസും എസ്‌കെ സജീഷും ഗോളുകൾ നേടി.
ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെൻ്റ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ് അസിസ്റ്റൻ്റ് എഡിറ്റർ സൗമ്യ ചന്ദ്രൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ് തുടങ്ങിയവർ സംബന്ധിച്ചു.