നടുവണ്ണൂരില്‍ നിന്ന് പുതിയ ഇനം ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയതായി ഗവേഷക സംഘം. പേര് പാംഗിയോ ജുഹുവ. മത്സ്യത്തിന്റെ ജനിതക ഘടനയും ബാഹ്യ ലക്ഷണങ്ങളും പരിശോധിച്ചപ്പോഴാണ് ഗവേഷക സംഘം ഇത് പുതിയ ഇനം ഭൂഗര്‍ഭ മത്സ്യമാണെന്ന് കണ്ടെത്തിയത്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാന്‍ കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ബി. പ്രദീപിന്റെയും , കൊച്ചിയിലെ സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കെ. ആര്‍. ശ്രീനാഥിന്റെയും (ഡയറക്ടര്‍ ജനറല്‍, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ) നേതൃത്വത്തിലുള്ള സംഘമാണ് മത്സ്യത്തെ പറ്റിയുള്ള ഗവേഷണം നടത്തിയത്. ഈ മത്സ്യത്തെ കുറിച്ചുളള ഗവേഷണ പ്രബന്ധം ഇന്ത്യന്‍ ജേണല്‍ ഓഫ് ഫിഷറീസ് 2025 ജനുവരി- മാര്‍ച്ച് ലക്കത്തില്‍ ‘ദക്ഷിണേന്ത്യയില്‍ നിന്ന് ഒരു പുതിയ ഇനം ട്രോഗ്ലോബൈറ്റിക് ഈല്‍ ലോച്ചിനെ കണ്ടെത്തി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ.കെ.ആര്‍.അജു, ഡോ.സന്ധ്യ സുകുമാരന്‍, ഡോ.വില്‍സണ്‍ സെബാസ്‌റ്റൈന്‍, ഡോ.ആല്‍വിന്‍ ആന്റോ, ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ് എന്നിവരും ഗവേഷക സംഘത്തിലുണ്ടായിരുന്നു.
ഈ മത്സ്യത്തെ ആദ്യമായി കണ്ടെത്തിയത് ജൂഹു എന്ന വിളിപ്പേരുളള ധന്‍വി ധീര എന്ന കുട്ടിയായിരുന്നു. അതുകൊണ്ടാണ് പുതുതായി കണ്ടെത്തിയ ഭൂഗര്‍ഭ മത്സ്യത്തിന് പാംഗിയോ ജുഹുവ എന്ന പേര് ഗവേഷകര്‍ നല്‍കിയത്. 2021 ലാണ് ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. കൊച്ചു കുട്ടിയായ ജുഹു വീട്ടില്‍ ശേഖരിച്ച ബക്കറ്റിലെ വെള്ളത്തില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ മത്സ്യത്തെ ആദ്യമായി കാണുന്നത്. അവള്‍ അമ്മ അശ്വിനി ലാലുവിനെ കാണിച്ചു കൊടുത്തു. ഒരു മൊട്ട് സൂചിയുടെ വലുപ്പം മാത്രമുളള ഈ മത്സ്യത്തോട് തോന്നിയ കൗതുകം അവര്‍ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഡോക്ടര്‍ ബി. പ്രദീപിനോട് പങ്കുവെച്ചു. ഇതാണ് പുതിയ മത്സ്യത്തെ കണ്ടെത്താന്‍ വഴിത്തിരിവായത്. കൊച്ചിയിലെ സെന്‍ട്രല്‍ മറ്റൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ.കെ.ആര്‍ ശ്രീനാഥിന്റെ നേതൃത്വത്തിലുളള സംഘം സ്ഥലത്തെത്തി ഗവേഷണം നടത്തിയാണ് ഇത് ഭൂഗര്‍ഭ മത്സ്യമാണെന്ന് കണ്ടെത്തിയത്.
നടുവണ്ണൂരിലെ വല്ലോറ മലയില്‍ മലോല്‍ കാര്‍ത്യായനി അമ്മയുടെ വീട്ടിലെ കിണറില്‍ നിന്നാണ് അശ്വിനി ലാലുവും പരിസരത്തെ വീട്ടുകാരും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ജലസംഭരണിയിലേക്ക് അടിക്കുന്നത്. ഈ കിണറില്‍ നിന്നാണ് ഭൂഗര്‍ഭ മത്സ്യം കുഴല്‍ വഴി ഇവരുടെ വീട്ടിലെ ജലസംഭരണിയിലെത്തിയതെന്ന് ഡോ.ബി.പ്രദീപ് പറഞ്ഞു. ഈ കിണറിലേക്ക് അടിയൊഴുക്കായി വെള്ളം വരുകയും അതേപോലെ കിണറില്‍ നിന്ന് താഴോട്ട് നീര്‍ച്ചാല്‍ ആയി വെള്ളം പോവുകയും ചെയ്യുന്നുണ്ട്. സമീപത്തെ മറ്റ് ചില കിണറുകളില്‍ നിന്നും ബാലുശ്ശേരി പോലുളള സ്ഥലങ്ങളിലെ കിണറുകളില്‍ നിന്നും ഈ മത്സ്യത്തെ കണ്ടതായി പിന്നീട് ചിലര്‍ അറിയിച്ചതായി ഗവേഷക സംഘം പറഞ്ഞു. പശ്ചിമ ഘട്ട മേഖലയും ഇതിനോടനുബന്ധിച്ചുളള സ്ഥലങ്ങളിലും അടിയൊഴുക്കുളള ഒട്ടെറെ നീരുറവകളുണ്ട്. നടുവണ്ണൂര്‍ വല്ലോറ മലയിലും ഉറവ വറ്റാത്ത ഭൂഗര്‍ഭ നീര്‍ച്ചാലുകള്‍ ഉണ്ട്. ഇത്തരം നീര്‍ച്ചാലുകളില്‍ സമാന സ്വഭാവമുളള ഭൂഗര്‍ഭ മത്സ്യങ്ങളും സൂഷ്മ ജീവികളും ഉണ്ടാവുമെന്നാണ് ഗവേഷക സംഘത്തിന്റെ നിഗമനം.
2019-ല്‍ കോഴിക്കോട് ചേരിഞ്ചലില്‍ നിന്ന് സമാനമായ ഒരു ഭൂഗര്‍ഭ ഈല്‍ ലോച്ച് മത്സ്യമായ പാംഗിയോ ബുജിയയെയും, 2022-ല്‍ തിരുവല്ലയില്‍ നിന്ന് മറ്റൊരു ഇനം പാംഗിയോ പാതാലയെയും കേരള ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് സര്‍വ്വകലാശാലയുടെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടുപിടിച്ച പാന്‍ജിയോ ജുഹുവയ്ക്ക് മുമ്പ് കണ്ടെത്തിയ ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുതുകിൽ ചിറക് ഉണ്ട്. കൂടാതെ ഇവയുടെ കണ്ണുകളും വലുതാണ്.