കക്കയം ലോകത്തിന്റെ ഒരു അവസാനം; ഇതിനൊരു മാറ്റം ആരുകൊണ്ടുവരും..? കക്കയം-മുതുകാട്-പെരുവണ്ണാമൂഴി ബൈപ്പാസ് റോഡിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട് 50 വർഷം
കൂരാച്ചുണ്ട് :ബാലുശ്ശേരി, പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കക്കയം-മുതുകാട് റോഡിനായുള്ള പ്രദേശവാസികളുടെ ശ്രമങ്ങൾ തുടങ്ങിയിട്ട് 50 വർഷം പിന്നിട്ടു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കക്കയം-പെരുവണ്ണാമൂഴി മേഖലകളെ ബന്ധിപ്പിക്കുന്ന റോഡ് യാഥാർഥ്യമാക്കാൻ കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ പഞ്ചായത്ത് ഭരണസമിതികളും ജനപ്രതിനിധികളും രംഗത്തുണ്ടെങ്കിലും എന്ന് യാഥാർഥ്യമാവുമെന്നാണ് പ്രദേശവാസിയും, അധ്യാപകനുമായ ജോൺസൺ മാഷിന്റെ ചോദ്യം.
പ്രകൃതിമനോഹരമായ ഈ പ്രദേശങ്ങൾ വിനോദ സഞ്ചാര സാധ്യതകളെ വർധിപ്പിക്കുമെന്ന് മാത്രമല്ല അപകട സാധ്യത കൂടുതലുള്ള കക്കയത്തേക്ക് പേരാമ്പ്രയിൽ നിന്ന് അഗ്നിരക്ഷാസേനയ്ക്കും മറ്റും എളുപ്പത്തിൽ എത്തിച്ചേരാനും ഈ റോഡ് ഉപകരിക്കുമെന്ന് ജോൺസൺ പറയുന്നു. കക്കയം മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ തീ പിടുത്തമുണ്ടായപ്പോൾ തിരക്കേറിയ കൂരാച്ചുണ്ട് ടൗണിലൂടെ എത്തിപ്പെടാൻ വൈകിയത് കൊണ്ട് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചിരുന്നുവെന്നും റോഡ് പൂർത്തീകരിച്ചാൽ ഡാം റിസർവോയർ തീരത്ത് കൂടി വിനോദസഞ്ചാരികൾക്ക് പ്രകൃതി ഭംഗി ആസ്വദിച്ചു യാത്ര ചെയ്യാൻ സാധിക്കുമെന്നും ജോൺസൺ പറഞ്ഞു.
റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ പരിശോധനക്കെത്തിയിരുന്നു. വിശദമായ സർവ്വേ നടത്തി റോഡിനുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. വന മേഖലയടക്കം വിവിധ വകുപ്പുകളുടെ കൈവശമുള്ള ഭൂമി പാതയിൽ വരുന്നുണ്ട്. എല്ലാ അനുമതിയും ലഭിച്ചാൽ മാത്രമേ റോഡ് നിർമ്മാണം നടക്കുകയുള്ളുവെന്നും ഉദ്യോഗസ്ഥ-ഭരണ തലത്തിൽ ഇടപെടലുകൾക്ക് വേഗം കൂടിയിട്ടുള്ളത് അനുകൂല ഘടകമാണെന്നും ഇപ്പോഴത്തെ കേന്ദ്രവന നിയമം റോഡിനു അനുകൂലമായ സ്ഥിതിയാണുള്ളതെന്നും പൊതുപ്രവർത്തകനായ പാറപ്പുറം സുനിൽ പറയുന്നു.
പഴയ കാലത്ത് നിരവധിയാളുകൾ കക്കയത്ത് നിന്ന് മുതുകാടിലേക്ക് യാത്ര ചെയ്ത വഴിയാണിതെന്ന് കർഷക സംഘടന വിഫാമിന്റെ ജില്ലാ പ്രസിഡന്റായ വി.ടി.തോമസ് ഓർത്തെടുക്കുന്നു. മുതുകാട് നിന്ന് കക്കയത്തേക്ക് ഈ റോഡ് വഴി ഒൻപത് കിലോ മീറ്റർ മാത്രമേ ദൂരമുള്ളുവെന്നും കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഇത് വഴി നാട്ടുകാർ റോഡ് വെട്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. 1965ൽ കക്കയം ഡാം നിർമ്മാണ സമയത്ത് വനഭൂമിയിലൂടെ കൂപ്പ് റോഡ് ഉണ്ടായിരുന്നുവെന്നും 1973 ൽ ജനകീയ സഹകരണത്തോടെ കക്കയത്ത് നിന്ന് മുതുകാട് വരെ മൺപാത നിർമ്മിച്ചിരുന്നുവെന്നും വി.ടി.തോമസ് പറഞ്ഞു.
വനം, ജലസേചനം, പൊതുമരാമത്ത്, പഞ്ചായത്ത്, കെ.എസ്.ഇ.ബി വകുപ്പുകൾ റോഡിനെ സംബന്ധിച്ച് പഠിക്കുന്നതിനും, സർവേ പൂർത്തിയാക്കി സംയുക്ത പരിശോധന നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്നാണ് മൂന്ന് പേരും ഒരേ സ്വരത്തിൽ പറയുന്നത്. ഒരു നാടിന്റെ ചിരകാലാഭിലാശം പൂർത്തീകരിക്കാൻ ആര് മുന്നിട്ടിറങ്ങിയാലും പ്രദേശവാസികൾ കക്ഷി-രാഷ്ട്രീയ വ്യത്യാസ ഭേദമന്യേ പ്രദേശവാസികൾ ഒപ്പമുണ്ടാകുമെന്നും ഇവർ പറയുന്നു.