കൊയിലാണ്ടി : അവധിക്കാലത്ത് ഒരു ബോട്ട് യാത്ര ആരും കൊതിക്കും. അകലാപ്പുഴയില്‍ ബോട്ടില്‍ക്കയറി ഉല്ലാസയാത്ര നടത്താന്‍ നൂറു കണക്കിനാളുകളാണ് എത്തുന്നത്. മേയ് അവസാനം വരെ ജില്ലയ്ക്കത്തും പുറത്തു നിന്നുമായി ധാരാളം പേരാണ് ഉല്ലാസ ബോട്ടില്‍ കയറി ഒന്ന് ചുറ്റിയടിക്കാന്‍ ഇവിടെയെത്തുന്നത്. പുറക്കാട് ഗോവിന്ദന്‍കെട്ട് ഭാഗത്തും നിന്നും നടക്കല്‍ ഭാഗത്തു നിന്നുമായി ആരംഭിക്കുന്ന യാത്ര നെല്യാടിക്കടവ്, നടേരിക്കടവ്, മുത്താമ്പി പാലം വരെയൊക്കെ നീളും. അകലാപ്പുഴയുടെ മധ്യത്തിലുളള ചെറു തുരുത്തുകള്‍ ഏറെ ആകര്‍ഷകമാണ്. സായാഹ്നങ്ങളില്‍ ഇവിടെ ചെലവഴിക്കാന്‍ ഒട്ടെറെ പേരുണ്ടാവും.
റസിഡന്‍സ് അസോസിയേഷനുകള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍, കുടുംബശ്രീ അംഗങ്ങളുടെ കൂട്ടായ്മ, സ്വയം സഹായ സംഘം എന്നിവരൊക്കെ അകലാപ്പുഴയിലേക്ക് ട്രിപ്പ് ഒരുക്കുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ പ്രധാന ടൂറിസം ഹബ്ബായി അകലാപ്പുഴ മാറുകയാണ്. ചെറുതും വലുതുമായ 25 ലേറെ ബോട്ടുകള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. പത്തുമുതല്‍ 15 പേര്‍ക്കുവരെ യാത്രചെയ്യാവുന്ന ചെറു ശിക്കാര ബോട്ടു മുതല്‍ നൂറ് പേര്‍ക്ക് വരെ സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ടുകള്‍ ഇവിടെയുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലും നല്ല തിരക്കാണെന്ന് ബോട്ട് ഓപ്പറേറ്റര്‍മാര്‍ പറയുന്നു.
കോഴിക്കോട് ജില്ലയ്ക്കു പുറമേ ഇതര ജില്ലകളില്‍ നിന്നും കര്‍ണാടകയില്‍നിന്നും ധാരാളം പേര്‍ ഇവിടെയെത്തുന്നുണ്ട്. മുന്‍കൂട്ടി ബുക്കിങ് നടത്താനും സൗകര്യമുണ്ട്. രണ്ടുനിലകളുള്ള ഹൗസ് ബോട്ടുകളും ശിക്കാര ബോട്ടുകളും ഇവിടെയുണ്ട്. അകലാപ്പുഴ പ്രധാനപ്പെട്ട ഹൗസ് ബോട്ട് നിര്‍മാണകേന്ദ്രം കൂടിയാണ്. കൊയിലാണ്ടി-വടകര റൂട്ടില്‍ കൊല്ലം ആനക്കുളത്തുനിന്ന് മുചുകുന്ന് റോഡ് വഴിയും, തിക്കോടി പഞ്ചായത്ത് സ്റ്റോപ്പില്‍നിന്ന് പുറക്കാട് റോഡു വഴിയും, നന്തിയില്‍ നിന്ന് പുറക്കാട് റോഡു വഴിയും അകലാപ്പുഴയിലെത്താം. നെല്യാടിപ്പുഴയോരത്തും ബോട്ടിംങ്ങ് സൗകര്യമുണ്ട്.
വലിയ ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോം സ്‌റ്റേകള്‍, പാര്‍ക്ക് , എ.ടി.എം സൗകര്യങ്ങളുളള ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ അകലാപ്പുഴയില്‍ വരണം.
തിക്കോടി, മൂടാടി, കൊയിലാണ്ടി നഗരസഭ എന്നിവയുടെ ടൂറിസം വികസനം ലക്ഷ്യമാക്കിയുളള ഇടപെടലുകള്‍ ഊര്‍ജ്ജിതമാക്കണം. കൊയിലാണ്ടി പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു അകലാപ്പുഴ പാലം കൂടി വന്നാല്‍ ഈ മേഖലയില്‍ ടൂറിസം രംഗത്ത് വന്‍ കുതിച്ചു ചാട്ടം ഉണ്ടാകും. കൊല്ലം പാറപ്പള്ളി കൊല്ലം പിഷാരികാവ് ക്ഷേത്രം, മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രം, അകലാപ്പുഴ, തിക്കോടി ബീച്ച്, ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജ്, കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഭവനം എന്നിവ കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ട് പദ്ധതി വേണം.