ദേശാഭിമാനിയുടെ ഒപ്പം തന്നെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യകാലങ്ങളിലെ മറ്റൊരു പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ്. പാര്‍ട്ടിയുടെ താത്വിക രാഷ്ട്രീയ പ്രസിദ്ധീകരണമായിരുന്നു കമ്മ്യൂണിസ്റ്റ് (പി.പി. അബൂബക്കര്‍, ദേശാഭിമാനി ചരിത്രം, പേജ് 147.) 1947 ഒക്ടോബര്‍ 16ന് കോഴിക്കോട്ടു നിന്നാണ് കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണം ആരംഭിക്കുന്നത്. ആദ്യത്തെ എഡിറ്റര്‍ കെ.ദാമോദരന്‍ ആയിരുന്നു. പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ടി. ഇന്ദുചൂഡനും. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ആര്‍ക്കൈവ്സ് മദ്രാസ് ഗവണ്‍മെന്റിന്റെ പബ്ലിക് ഡിപ്പാര്‍ട്ട്മെന്റ് ബണ്ടില്‍ നമ്പര്‍ 4 സീരിയല്‍ നമ്പര്‍ 26 എന്ന ഫയല്‍ കമ്മ്യൂണിസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്ക് രണ്ടു മാസത്തിനു ശേഷം അതായത് 23.10.1947 ന് മലബാര്‍ കലക്ടര്‍ കെ.സി.ഗ്രിഫിത് മദ്രാസിലെ ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ കമ്മ്യൂണിസ്റ്റ് എന്ന മലയാളം ആഴ്ചപ്പതിപ്പിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു. ‘കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ വി.ടി.ഇന്ദുചൂഡനാണ്. ഇതേ വ്യക്തി തന്നെയാണ് ദേശാഭിമാനി എന്ന പ്രസിദ്ധീകരണത്തിന്റെ പ്രിന്ററും പബ്ലിഷറും. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാനും പാര്‍ട്ടി അംഗങ്ങളെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയിക്കുക എന്നതുമാണ് ദേശാഭിമാനിയുടെ പ്രധാന ഉദ്ദേശ്യം. എല്ലാ അര്‍ത്ഥത്തിലും ദേശാഭിമാനിയുടെ അതേ പാതയിലാണ് കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണം. ഈ പ്രസിദ്ധീകരണത്തിന് തൊഴിലാളികള്‍ക്കിടയില്‍ ഏറെ പ്രചാരണമുണ്ട്. ഇതിലെ പല ലേഖനങ്ങളും ആക്ഷേപാര്‍ഹമാണ്. ഈ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ പ്രസ് ആന്റ് രജിസ്ട്രേഷന്‍ ഒഫ് ബുക്ക് ആക്ട് സെക്ഷന്‍ 4-ല്‍ പെടുന്നതാണ്. അതുകൊണ്ട് പ്രസ് എമര്‍ജന്‍സി ആക്ടിലെ സെക്ഷന്‍ 1 പ്രകാരം പ്രസാധകരില്‍ നിന്ന് 1000 രൂപ ജാമ്യം ആവശ്യപ്പെടേണ്ടതാണെന്ന് കരുതുന്നു. കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ പ്രചരണം ഏതാണ്ട് 5000 കോപ്പികളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകമാണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. എഡിറ്റര്‍ കെ. ദാമോദരന്‍ ഹിന്ദു നായര്‍ വിഭാഗത്തില്‍ പെടുന്നു. മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ഈ ആഴ്ചപ്പതിപ്പ് കോഴിക്കോട് ദേശാഭിമാനി പ്രസ്സില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്’
കമ്മ്യൂണിസ്റ്റ് എന്ന പേരില്‍ രണ്ടു പ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. ഒന്ന് ഇംഗ്ലീഷിലും മറ്റേത് മലയാളത്തിലും. ഇംഗ്ലീഷിലെ കമ്മ്യൂണിസ്റ്റ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായിരുന്നു. എന്നാല്‍ മലയാളം കമ്മ്യൂണിസ്റ്റ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണവുമായിരുന്നു. 1963 വരെ കമ്മ്യൂണിസ്റ്റിന്റെ പ്രസിദ്ധീകരണം നീണ്ടുനിന്നു. 1963-ല്‍ കമ്മ്യൂണിസ്റ്റ് എന്ന പ്രസിദ്ധീകരണത്തില്‍ ഇ.എം.എസ്സിന്റെ ലേഖനം പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ചിന്ത എന്ന പ്രസിദ്ധീകരണത്തിലേക്ക് നയിച്ചു.
കമ്മ്യൂണിസ്റ്റിനെപ്പോലെ ചിന്തയുടെ പ്രസിദ്ധീകരണവും കോഴിക്കോട് നിന്നായിരുന്നു. പാര്‍ട്ടി പിളരുന്നതിനു മുമ്പ് 1963-ല്‍ ആരംഭിച്ച ചിന്ത വാരിക സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമാവുന്നത് 1970 ഡിസംബറില്‍ മാത്രമാണ്. (പി.പി. അബൂബക്കര്‍, ദേശാഭിമാനി ചരിത്രം, പേജ് 274)
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭകാലത്തു തന്നെ പാര്‍ട്ടിയുടെ നേതാക്കള്‍ പാര്‍ട്ടിയുടെ സൈദ്ധാന്തിക താത്വിക അടിത്തറ ശക്തിപ്പെടുത്താനും പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. കേവലം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിലായിരുന്നില്ല അവര്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ ശ്രമിച്ചത്. പാര്‍ട്ടിയുടെ താത്വിക അവലോകനങ്ങള്‍ വിശദീകരിക്കുന്ന സൈദ്ധാന്തിക ആശയങ്ങള്‍ പരിചയപ്പെടുത്തുന്ന പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളായിരുന്നു ആദ്യകാലത്തെ കമ്മ്യൂണിസ്റ്റും പില്‍ക്കാലത്തെ ചിന്തയും.