കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ജോലികൾക്കിടെ ഷോക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി. മുണ്ടിക്കൽ താഴം കോട്ടാംപറമ്പ കേളമംഗലത്ത് ചാലിൽ വീട്ടിൽ കൃപേഷ് (35) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെ മരിച്ചത്.
കഴിഞ്ഞ ഏപ്രിൽ 17-ന് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ ലിഫ്റ്റ് നിർമ്മാണത്തിനിടെയാണ് അപകടം സംഭവിച്ചത്. ട്രെയിൻ ഗതാഗതമുള്ള പ്രധാന ലൈനിലെ പൈപ്പ് മാറ്റുന്നതിനിടയിൽ, പൈപ്പ് ലൈനിന്റെ പോസ്റ്റിന്റെ മുകൾഭാഗത്ത് തട്ടിയതിനെ തുടർന്ന് കൃപേഷിനും ഒപ്പമുണ്ടായിരുന്ന രാജേഷ് (49) എന്നയാൾക്കും ഷോക്കേൽക്കുകയായിരുന്നു.
ഷോക്കേറ്റയുടൻ രാജേഷ് തെറിച്ചുവീണെങ്കിലും, കൃപേഷ് പൈപ്പിൽത്തന്നെ പിടിച്ചിരുന്നതിനാൽ ശരീരത്തിൽ സാരമായ പൊള്ളലേറ്റു. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പിന്നീട് കൃപേഷിന്റെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ, അമ്മ രജനി, ഭാര്യ പ്രവീണ, മക്കളായ കൃതിക കൃഷ്ണ, കൃഷ്ണ ദേവ്, സഹോദരങ്ങൾ രഞ്ജിത്ത്, അനുഷ എന്നിവരാണ്.