നന്തി ബസാർ: ‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘ എന്ന പ്രമേയത്തിൽ മെയ് പത്തിന് നന്തിയിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേളനത്തിൻ്റെ മുന്നോടിയായി ഇന്ന് ബുധനാഴ്ച നാരങ്ങോളി കുളത്ത് പാത്തൂച്ച നഗറിൽ നടന്ന വനിത ലീഗ് സംഗമം സംഘാടകരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചു കൊണ്ട് വനിതകളുടെ ഒഴുക്കായി. അഡ്വ: പി.കുൽസു ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വനിത ലീഗ് പ്രസിഡണ്ട് ഫൗസ്യ മുത്തായം അദ്ധ്യക്ഷയായി. ന്യൂനപക്ഷ അവകാശങ്ങൾ കവരുമ്പോൾ അതിനെ പ്രതിരോധിക്കാൻ ലീഗ് മാത്രമേ കാണൂ എന്ന് കുൽസു ടീച്ചർ ഓർമ്മപ്പെടുത്തി. അഡ്വ :ഫാത്തിമ തഹ് ലിയ മുഖ്യ പ്രഭാഷകയായി.
ഫാസിസ്റ്റ് കാലത്തെ കലാപങ്ങൾ നമ്മളെ മൊത്തത്തിൽ വിഴുങ്ങുന്ന രീതിയിലാണ് കാണുന്നതെന്നും ഉദാഹരണത്തിന് ബൾക്കിസ്ബാനു ചോദിച്ചത് പോലെ നമ്മളിനി നീതിക്കുവേണ്ടി എങ്ങോട്ട് പോകും എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് നമ്മളുള്ളതെന്നും അഡ്വ: ഫാത്തിമ തഹ് ലിയ പറഞ്ഞു. ക്രൂരതയുടെ പര്യായമായി മാറിയ ഭരണകൂടത്തെ പാഠമായി കാണണമെന്നും ഭരണഘടനയെ മൗനമാക്കുന്ന രീതിയിൽ ആധാർ വാങ്ങി നോക്കി നീ ഇന്ത്യക്കാരിയാണോ? എന്ന് ചോദിക്കാൻ ആരാണിവർക്ക് അധികാരം കൊടുത്തതെന്നും ഫാത്തിമ തഹ് ലിയ ചോദിച്ചു. യു .പ്രതിഭ എം എൽ എ യുടെ മകൻ കഞ്ചാവ് കേസിൽ പ്രതിയല്ല എന്ന റിപ്പോർട്ടിൽ സംശയമുളവാക്കുന്നെന്ന് തഹ് ലിയ കൂട്ടിച്ചേർത്തു. ജില്ല സിക്രട്ടറി പി.റഷീദ, സജ്ന പിരിശത്തിൽ, പി.ഇൻഷിദ എന്നിവർ സംസാരിച്ചു. പി.കെ.സുനിത സ്വാഗതവും സീനത്ത് കാരുണ്യ നന്ദിയും പറഞ്ഞു. മുഹമ്മദ് നാഫിഖി റാഅത്ത് നടത്തി.