സംഘപരിവാർ പ്രവർത്തകർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് മംഗളൂരുവിൽ മലയാളി യുവാവിനെ തല്ലിക്കൊന്ന കേസിൽ, അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മംഗളൂരു റൂറൽ പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ശിവകുമാർ, ഹെഡ് കോൺസ്റ്റബിൾ ചന്ദ്ര , കോൺസ്റ്റബിൾ യല്ലലിംഗ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കമ്മീഷണർ അനുപം അഗർവാളാണ് നടപടിയെടുത്തത്. പ്രതികളെ രക്ഷിക്കാൻ പോലീസ് നീക്കം നടത്തുവെന്ന് പരാതി ഉയർന്നിരുന്നു.
ഞായറാഴ്ചയാണ് മാനസിക വെല്ലുവിളി നേരിടുന്ന വയനാട് പുൽപ്പള്ളി സ്വദേശി അഷറഫിനെ സംഘപരിവാർ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിൽ കുടുപ്പു സാമ്രാട്ട് ഗയ്സ് ക്ലബ്ബിലെ തീവ്ര ഹിന്ദുത്വ അനുകൂലികളായ 20 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് കുടുപ്പു ഭത്ര കല്ലുട്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് അഷറഫ് ആക്രമണത്തിനിരയായത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന സംഘമാണ് ബാറ്റും വടികളുമുപയോഗിച്ച് അഷ്റഫിനെ ക്രൂരമായി മർദിച്ചത്. സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. മർദനത്തിനിരയായ അഷറഫ് രണ്ടുമണിക്കൂറിലേറെ സമയം സ്ഥലത്ത് തന്നെ കിടന്നു. അജ്ഞാത മൃതദേഹമുണ്ടെന്ന് തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് മർദ്ദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് വ്യക്തമായത്.
തുടർന്ന് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുപ്പുവിലെ തീവ്ര ഹിന്ദു ക്ലബ്ബ് ‘സാമ്രാട്ട് ഗയ്സ്’ ലെ 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം അഞ്ചുപേർ കൂടി പിടിയിലായതോടെ അറസ്റ്റിൽ ആയവരുടെ എണ്ണം 20 ആയി. ആക്രമണത്തിൽ കൂടുതൽ പേർ പങ്കെടുത്തതായാണ് വിവരം. പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പ്രചാരണം നടന്നെങ്കിലും ഇത് സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. കൗൺസിലർ സംഗീത നായക്കിന്റെ ഭർത്താവും മുൻ ബിജെപി കൗൺസിലറുമായ രവീന്ദ്ര നായർക്ക് ആൾക്കൂട്ട ആക്രമണത്തിൽ പങ്കുണ്ടെന്നും പ്രതികൾ സജീവ സംഘപരിവാർ പ്രവർത്തകരാണെന്നും ആരോപണമുയർന്നിട്ടുണ്ട്.