ഐ.എച്ച്.ആർ.ഡി +1 അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിച്ചു. Registration Link https://forms.gle/fDxiNHaR745J6uvQ7
കേരളത്തിൽ ഐ.എച്ച്.ആർ.ഡി ടെ കീഴിലുള്ള 15 സ്‌കൂളുകളിൽ മാത്രമാണ് ടെക്നിക്കൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠനത്തിന് അവസരമുള്ളത്. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്നവർക്ക് ചിട്ടയായ പരിശീലനം ചെറുപ്പത്തിലേ നൽകുക എന്ന ലക്ഷ്യവുമായിട്ടാണ് സംസ്ഥാന സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോർസ്സസ് ഡെവലപ്പ്മെന്റ്) ടെക്‌നിക്കൽ ഹയർ സെക്കൻഡറി കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.
ഇലക്ട്രോണിക്സ് അടിസ്ഥാനമാക്കിയ ഫിസിക്കൽ സയൻസ് , ബയോളജി അടിസ്ഥാനമാക്കിയ ഇന്റഗ്രേറ്റഡ് സയൻസ് എന്നി രണ്ടു ഗ്രൂപ്പുകൾ ആണ് ഈ വിഭാഗത്തിൽ ഉള്ളത്. ഇംഗ്ലീഷിന് പുറമെയുള്ള രണ്ടാം ഭാഷ ഒഴിവാക്കിയിരിക്കുന്നു എന്നതാണ് പൊതു ഹയർ സെക്കണ്ടറിയുമായുള്ള പ്രധാന വ്യത്യാസം. പരീക്ഷ നടത്തുന്നതും സർട്ടിഫിക്കറ്റ് നൽകുന്നതുമെല്ലാം പൊതു വിഭാഗത്തിലേതു പോലെ സംസ്ഥാന ഹയർ സെക്കണ്ടറി വകുപ്പ് തന്നെയാണ്. ഐ.എച്ച്.ആർ.ഡിയുടെ എൻജിനീയറിംഗ് കോളജുകൾ ഉൾപ്പെടുന്ന 61 കോളജുകളുടെ അക്കാദമിക പിന്തുണയും സഹകരണവും ഈ സ്കൂളുകൾക്കുണ്ട്.
ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് & ഐടി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നി വിഷയങ്ങൾ ഉൾക്കൊള്ളുന്ന ഫിസിക്കൽ സയൻസ് പ്രധാനമായും എൻജിനിയറിങ് അനുബന്ധ മേഖലകളിൽ തുടർ പഠനം ആഗ്രഹിക്കുന്നവർക്ക് ഒരു മികച്ച അടിത്തറ ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ് & ഐടി, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി എന്നി വിഷയങ്ങളുടെ കോമ്പിനേഷനായ ഇന്റഗ്രേറ്റഡ് സയൻസ് ഗ്രൂപ്പ് മെഡിക്കൽ, പാരാ മെഡിക്കൽ മേഖലകൾ ലക്ഷ്യം വയ്ക്കുന്നവർക്ക് കൂടി ഉള്ളതാണ്.
ഇംഗ്ലീഷിന് പുറമെയുള്ള എല്ലാ വിഷയങ്ങളിലും പ്രായോഗിക പരിശീലനം ഉൾപ്പെടുത്തിയിട്ടുള്ള സിലബസാണ് ടെക്‌നിക്കൽ ഹയർ സെക്കൻഡറി മുന്നോട്ടു വെക്കുന്നത്. ടെക്‌നിക്കൽ ഹയർ സെക്കൻഡറി പഠനം വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് എഞ്ചിനിയറിംഗ്, മെഡിക്കൽ രംഗങ്ങളിൽ തുടർ പഠനം കൂടുതൽ സുഗമമായി പൂർത്തീകരിക്കുവാൻ കഴിയുമെന്ന് പൂർവ്വവിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു. ചിട്ടയായ പ്രായോഗിക പരിശീലനം ചെറുപ്പത്തിലേ ലഭിച്ചിട്ടുള്ളത് ഇവരെ തൊഴിൽ ദാതാക്കളായ വൻകിട ബഹുരാഷ്ട കമ്പനികൾക്കും പ്രിയങ്കരരാക്കുന്നു. സാങ്കേതിക പഠനം താൽപര്യമില്ലാത്തവർക്ക് മറ്റു വിഷയങ്ങളിലും പഠനം തുടരാം.
മികച്ച സൗകര്യങ്ങളും അച്ചടക്കമുള്ള പഠനാന്തരീക്ഷവും നിലവിലുള്ള ഐ.എച്ച്.ആർ.ഡി സ്‌കൂളുകൾ പൊതു സമൂഹത്തിനു മുന്നിൽ നല്ല പ്രതിച്ഛായയോടെ പ്രവർത്തിക്കുന്നവയാണ്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന അധ്യാപക-രക്ഷാകർതൃ സമിതികൾ ഇവയുടെ മറ്റൊരു പ്രത്യേകതയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സാങ്കേതിക സൗകര്യങ്ങൾ ക്രമമായി മെച്ചപ്പെടുത്തിയിട്ടുമുണ്ട്. SC/ST/OEC വിദ്യാർഥികൾക്ക് ഫീസ് അടക്കേണ്ടതില്ല . കൂടാതെ കേരള സർക്കാർ നൽകുന്ന എല്ലാ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കും അവർ അർഹരാണ്. ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്ത ഈ സ്കൂളുകളിലേക്ക് നേരിട്ടാണ് അപേക്ഷിക്കേണ്ടത്. ഇതിനായുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. SSLC/CBSE/ICSE/THSLC തത്തുല്യ യോഗ്യത നേടിയിട്ടുള്ളവർക്കും പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം.