സംസ്ഥാനത്തെ 50ാ-മത് ചീഫ് സെക്രട്ടറിയായി ഡോ. എ ജയതിലക് ചുമതലയേറ്റു. ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഡോ. എ ജയതിലകിന് അധികാരം കൈമാറി. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട വകുപ്പുകളിലും സേവനം നിർവഹിച്ചതിന് ശേഷമാണ് അദേഹം ചീഫ് സെക്രട്ടറി സ്ഥാനത്തേക്ക് വന്നിരിക്കുന്നത്.
കഴിഞ്ഞ ക്യാബിനറ്റിലേയും അടുത്ത ക്യാബിനറ്റിലേയും തീരുമാനങ്ങൾ വേഗത്തിൽ നടപ്പാക്കുമെന്ന് സ്ഥാനമേറ്റെടുത്ത ശേഷം എ ജയതിലക് പറഞ്ഞു. ക്യാബിനറ്റ് തീരുമാനങ്ങൾ നടപ്പാക്കുക എന്നതാണ് പ്രധാന ചുമതലയെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു.
ചീഫ് സെക്രട്ടറി പദത്തിൽ നിന്ന് വിരമിക്കുന്ന ശാരദാ മുരളീധരന് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിലപാടുകളും പ്രവർത്തന മികവ് കൊണ്ടും ഔദ്യോഗിക ജീവിതത്തെ അർത്ഥപൂർണമാക്കിയ ഉദ്യോഗസ്ഥയാണ് ശാരാദാ മുരളീധരനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നിയുക്ത ചീഫ് സെക്രട്ടറി എ. ജയതിലക് ചടങ്ങിന് സ്വാഗതമാശംസിച്ചു. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ നന്ദി അറിയിച്ചു. വിവിധ വകുപ്പ് മന്ത്രിമാർ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.