സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന് കീഴിലുളള ഏക സ്‌കൂളായ മലപ്പുറം എംഎസ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടു. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിട്ടു. എംഎസ്പി കമാന്റിനാണ് സ്‌കൂളിന്റെ ചുമതല. 2021-ല്‍ തന്നെ നിയമനം പിഎസ് സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല. അതിനുശേഷവും സ്‌കൂളില്‍ പി എസ് സി വഴിയല്ലാതെ നിയമനങ്ങള്‍ നടന്നിരുന്നു. ഈ നിയമനങ്ങളില്‍ അഴിമതി ആരോപണങ്ങളും ഉയര്‍ന്നതിനുപിന്നാലെയാണ് സ്‌കൂളിലെ നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ടുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
സ്‌കൂളിലെ നിയമനങ്ങളില്‍ സംവരണം പാലിക്കുന്നുവെന്ന് ഉറപ്പാക്കുക, വിദ്യാര്‍ത്ഥി അനുപാതത്തിന് അനുസരിച്ച് ബന്ധപ്പെട്ട സമുദായത്തില്‍ നിന്നുള്ളവരെ നിയമനത്തിന് പരിഗണിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മലപ്പുറം കോട്ടപ്പടി സ്വദേശി മുഹമ്മദ് ഇബ്രാഹിം പിന്നാക്ക സമുദായ ക്ഷേമസമിതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
നിലവിൽ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകൾ (എംആർഎസ്) പട്ടികജാതി പട്ടികവർഗ വികസനവകുപ്പിന്റെ കീഴിലും ഫിഷറീസ്, സ്‌പോർട്‌സ് സ്‌കൂളുകൾ ബന്ധപ്പെട്ട വകുപ്പുകൾക്കു കീഴിലും നിലനിൽക്കുകയും നിയമനങ്ങൾ പിഎസ്‌സി വഴിയുമാണ് നടത്തുന്നത്. സമാനമായ രീതി, ഒരു സർക്കാർ ഉദ്യോഗസ്ഥൻ മാനേജരായി പ്രവർത്തിക്കുന്ന മലപ്പുറം എംഎസ്‌പി ഹയർസെക്കൻഡറി സ്‌കൂളിന്റെ നിയമനങ്ങളിലും പിന്തുടരാനാണ് ഉത്തരവ്. സ്‌കൂൾ കെട്ടിടങ്ങളും സ്ഥലവുമുൾപ്പെടെയുള്ള ആസ്തികൾ പൊതുവിദ്യാഭ്യാസവകുപ്പിനു കൈമാറ്റം ചെയ്യേണ്ടതില്ല. സ്‌കൂളിന്റെ ആസ്തിപരിപാലനവും ഭരണനിർവഹണവും ആഭ്യന്തരവകുപ്പിൽത്തന്നെ നിലനിർത്തും.