കൊയിലാണ്ടി: വെളിയണ്ണൂര്‍ ചല്ലി വികസനത്തിന്റെ ഭാഗമായി തോടുകളുടെയും ഫാം റോഡുകളുടെയും വിസിബികളുടെയും നിര്‍മ്മാണം പുരോഗമിക്കുന്നു. മഴയെത്തും മുമ്പെ പരമാവധി പ്രവർത്തികള്‍ പൂര്‍ത്തിയാക്കാനാണ് കരാറെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ശ്രമിക്കുന്നത്. മഴക്കാലത്ത് ചല്ലിയില്‍ വെള്ളമുയര്‍ന്നാല്‍ പണികളെല്ലാം നിലയ്ക്കും. വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിക്കായി അനുവദിച്ച 20.7 കോടി രൂപയുടെ നിര്‍മാണ പ്രവർത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. 16.2 കോടി രൂപ സിവില്‍ പ്രവർത്തികള്‍ക്കും 1.6 കോടി ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ പ്രവർത്തികള്‍ക്കുമാണ് വിനിയോഗിക്കുക. ബാക്കി 2.9 കോടി രൂപ ജിഎസ്ടി, നികുതി എന്നിവ അടയ്ക്കാനായി നല്‍കും. സിവില്‍ പ്രവർത്തികളാണ് ടെന്‍ഡര്‍ ചെയ്തു നടത്തിക്കൊണ്ടിരിക്കുന്നത്.
ചല്ലിയുടെ വിവിധ ഭാഗങ്ങളായ ഒറവിങ്കല്‍ താഴ, ഒറ്റക്കണ്ടം ഖാദി, ഒല്ലാച്ചേരിത്താഴ എന്നിവിടങ്ങളില്‍ നിന്ന് ട്രാക്ടര്‍ വേകളുടെ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായി. ഈ ഫാം റോഡുകളിലൂടെ വിവിധ സ്ഥലങ്ങളില്‍നിന്ന് പാടശേഖരത്തിലേക്ക് വാഹനത്തില്‍ സഞ്ചരിക്കാന്‍ കഴിയും. ചല്ലിയിലേക്ക് ഉപ്പുവെളളം കയറാതിരിക്കാന്‍ ജലക്രമീകരണത്തിനു ചെറോല്‍താഴ വിസിബിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലെത്തി. നമ്പൂരിക്കണ്ടി താഴ, തുരുത്തിത്താഴ എന്നിവിടങ്ങളിലും വിസിബികള്‍ നിര്‍മ്മിക്കുന്നുണ്ട്. 20 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാക്കിയാല്‍ രണ്ടാം ഘട്ട വികസന പദ്ധതിക്ക് മറ്റൊരു പ്രോജക്ട് കൂടി തയ്യാറാക്കുമെന്ന് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ ഫാം ടൂറിസം പദ്ധതിയാണ് നടപ്പിലാക്കുക. മൈനര്‍ ഇറിഗേഷന്‍ വകുപ്പാണ് വെളിയണ്ണൂര്‍ ചല്ലി വികസനപദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നത്.
ചല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ജലം സംഭരിച്ചു നിര്‍ത്താനും ജലക്രമീകരണത്തിനു മായി 10 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയും മൂന്നുമീറ്റര്‍ ആഴവുമുള്ള എട്ട് ചെറുകുളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഈ ചെറുകുളങ്ങള്‍ നീന്തല്‍ പരിശീലനത്തിനുള്ളതാണ്. ഇതില്‍ 70 ശതമാനം നെല്‍ക്കൃഷിചെയ്യാന്‍ കഴിയുന്നതാണ്. ബാക്കിയിടങ്ങളില്‍ ഫാം ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.