സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ടാക്‌സി ആയ ‘കേരള സവാരി’ പുതിയ മട്ടിലും രൂപത്തിലും പുറത്തിറക്കുന്നു. ആപ്പുണ്ടെങ്കില്‍ ഓട്ടോയില്‍ മാത്രമല്ല മെട്രോ ട്രെയിനിലും കയറാം. മെയ് 1 മുതല്‍ പുതിയ രൂപത്തില്‍ ആപ് ലഭ്യമാകും. ബെംഗളൂരുവിന്റെ ജനപ്രിയ ആപ്പ് ‘നമ്മ യാത്രി’ യുടെ പിന്തുണയോടെയാണ് ‘കേരള സവാരി’ വരുന്നത്.
പുതിയ രൂപത്തിലും മികച്ച മാനേജ്‌മെന്റ് സംവിധാനത്തിലുമാണ് കേരള സവാരിയുടെ പുതിയ പതിപ്പ് എത്തുക. മെയ് 1 ന് പ്രവര്‍ത്തന ക്ഷമമാകുമെങ്കിലും ഔദ്യോഗിക ഉദ്ഘാടനം പിന്നീട് നടത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഗതാഗത, തൊഴില്‍ വകുപ്പുകളുടെ പിന്തുണയുള്ള ആപ് തുടക്കത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമാണ് പ്രവര്‍ത്തനക്ഷമമാകുന്നത്. മറ്റ് പ്രധാന നഗരങ്ങളില്‍ ഘട്ടം ഘട്ടമായി ആരംഭിക്കാനാണ് ആലോചന. പുതിയ രൂപത്തിലുള്ള ആപ് ഓപണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സിലാണ് പ്രവര്‍ത്തിക്കുന്നത്.