കൂരാച്ചുണ്ട് : കൂരാച്ചുണ്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വലിയ തോതിലുള്ള ഗ്യാസ് സിലിണ്ടര്‍ ശേഖരം പിടികൂടി. 52 ഗ്യാസ് സിലിണ്ടറുകളും റീഫില്ലിങ് മെഷീനുമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടുന്നത്. 32 കാലി സിലിണ്ടറുകളും, 20 വാതക സിലിണ്ടറുകളുമാണ് ഉണ്ടായിരുന്നത്.
കൂരാച്ചുണ്ട് സ്വദേശി ജയൻ കെ ജോസ് വാടകയ്‌ക്കെടുത്ത വീട്ടിൽ നിന്നാണ് ഗ്യാസ് സിലിണ്ടർ ശേഖരം കണ്ടെടുത്തത്. രണ്ട് തരം ഗ്യാസ് സിലിണ്ടറുകളുടേയും വിലയില്‍ വലിയ രീതിയിലുള്ള വിത്യാസമുള്ളതിനാൽ ഗാര്‍ഹിക ഗ്യാസ് സിലിണ്ടറുകളില്‍ നിന്നും വാണിജ്യ ഗ്യാസ് സിലിണ്ടറുകളിലേക്ക് മാറ്റി വിൽപ്പന നടത്തി പണമുണ്ടാക്കാനായിരുന്നു ഈ തട്ടിപ്പിന് പിന്നിലെ ലക്ഷ്യമെന്നാണ് സൂചന.
നിയമപ്രകാരം അളവിൽ കൂടുതൽ പാചക സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിക്കുന്നത് കുറ്റകരമാണെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപ്പറമ്പത്ത് പറഞ്ഞു. യാതൊരു സുരക്ഷ മുൻകരുതലുകളും സ്വീകരിക്കാതെ സിലിണ്ടറുകളിൽ വാതകം നിറക്കുന്നതിനിടെ സ്ഫോടനം സംഭവിച്ചിരുന്നുവെങ്കിൽ പ്രദേശത്ത് വലിയ അപകടത്തിന് കാരണമാകുമായിരുന്നു. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ ഫലപ്രദമായ ഇടപെടൽ വഴിയാണ് അപകട സാധ്യത ഒഴിവായത്.
റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ഒ.കെ.നാരായണൻ, ബിജു, കെ.ബീന, എസ്.സുനിൽ കുമാർ, എം.ശ്രീജു, ശ്രീനിവാസൻ പുളിയുള്ളതിൽ, കെ.എം.ശ്രീജിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ഉടൻ തന്നെ ജില്ലാകളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിന് ശേഷമാകും തുടർനടപടിയെന്നും സപ്ലൈ ഓഫീസർ പറഞ്ഞു.