സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായും കുട്ടികളുടെ അക്കാദമിക് ഇതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായും സ്‌കൂൾ വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷം മുതൽ സൂംമ്പാ ഡാൻസ് പരിശീലനം നൽകും. പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഏപ്രിൽ 30 ന് തിരുവനന്തപുരത്തെ 15 സ്‌കൂളുകളിൽ നിന്നായി ആയിരത്തിയഞ്ഞൂറോളം വിദ്യാർഥികൾ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സൂംമ്പാ അവതരിപ്പിക്കും. ഇതിനു മുന്നോടിയായി നടന്ന പരിശീലനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിലയിരുത്തി.
സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കൂടിയാണ് സൂംമ്പാ ഡാൻസ് വിദ്യാർത്ഥികളെ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുള്ളതെന്നു മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ എല്ലാ സ്‌കൂളുകളിലും ഇത് പഠിക്കാൻ താല്പര്യമുള്ള കുട്ടികൾക്ക് ക്ലാസുകൾ നൽകും. സൂംമ്പാ മാത്രമല്ല, യോഗ ഉൾപ്പെടെ കുട്ടികൾക്കു താല്പര്യമുള്ള കായിക ഇനങ്ങൾ പഠിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകളിൽ കായിക ഇനങ്ങൾക്ക് വേണ്ടി നീക്കി വച്ചിട്ടുള്ള സമയത്തു മറ്റു വിഷയങ്ങൾ പഠിപ്പിക്കേണ്ടതില്ല എന്ന് കർക്കശമായ നിർദേശവും നൽകിയിട്ടുണ്ടെന്നു മന്ത്രി അറിയിച്ചു.