മെയ് ഒന്ന് മുതല്‍ ഇന്ത്യന്‍ റെയില്‍വെയില്‍ പുതിയ മാറ്റങ്ങള്‍ നിലവിൽ വരും. ഇനി മുതല്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കില്ല. കണ്‍ഫേം ടിക്കറ്റുമായി യാത്രചെയ്യുന്നവരുടെ സുരക്ഷിതത്വവും യാത്രാ അനുഭവവും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നിയമം ലംഘിച്ച് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ഈ കോച്ചുകളിൽ യാത്രചെയ്യുന്നവര്‍ക്ക് ടിടിഇ കനത്ത പിഴ ഈടാക്കും.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി ധാരാളം പേര്‍ സ്‌ളീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യുകയും അത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന സാഹചര്യം വന്നതോടെയാണ് പുതിയ തീരുമാനങ്ങള്‍. ചില ട്രെയിനുകളില്‍ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്ന യാത്രക്കാര്‍ കണ്‍ഫോം യാത്രക്കാരുടെ സീറ്റ് കൈയ്യേറുന്നുണ്ട്. മാത്രമല്ല വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എത്തുന്നവരുടെ തിരക്കുമൂലം കമ്പാര്‍ട്ട്‌മെന്റ് നിറയുന്ന സാഹചര്യവുമുണ്ട്.
പുതിയ തീരുമാനപ്രകാരം വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൈവശമുള്ള യാത്രക്കാര്‍ക്ക് സ്‌ളീപ്പര്‍ അല്ലെങ്കില്‍ എസി കോച്ചുകളില്‍ യാത്ര ചെയ്യാന്‍ അനുവാദം ഉണ്ടായിരിക്കില്ല. അവര്‍ക്ക് ജനറല്‍ കോച്ചുകളില്‍ മാത്രമേ യാത്രചെയ്യാന്‍ കഴിയൂ. ഐആര്‍സിടിസി വെബ്‌സൈറ്റുകളില്‍ എടുക്കുന്ന വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഓട്ടോമാറ്റിക്കായി റദ്ദാകും.