എസ്.സി.ഇ.ആർ.ടി. തയ്യാറാക്കിയ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകങ്ങൾ എസ്.ഐ.ഇ.ടി. ഡിജിറ്റൽ രൂപത്തിലാക്കിയതിന്റെ പ്രകാശനം എസ്.സി.ഇ.ആർ.ടി. ആസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ആരോഗ്യമുള്ള യുവസമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി വിദ്യാർത്ഥികളുടെ കായികക്ഷമത ലക്ഷ്യമിട്ട് ദീർഘവീക്ഷണത്തോടെയുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ദുരുപയോഗവും പുതിയ ജീവിതശൈലികളും വലിയ വെല്ലുവിളികൾ ഉയർത്തുന്ന ഇന്നത്തെ സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ കായിക സംസ്‌ക്കാരം വളർത്തുന്നതിന് പ്രധാന പരിഗണന നൽകും.
കായിക ആരോഗ്യ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞവർഷം മുതൽ ഹെൽത്തി കിഡ്‌സ് പദ്ധതിയ്ക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകത്തിലെ ഉള്ളടക്കങ്ങളാണ് ഇപ്പോൾ ഡിജിറ്റലാക്കി മാറ്റിയത്. എസ് സി ഇ ആർ ടി യുടെ കായിക വിഭാഗത്തിന്റെ സഹായത്തോടെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്‌നോളജിയാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയത്. വിദ്യാർത്ഥികൾക്ക് സ്വന്തമായി കണ്ട് പരിശീലിക്കാൻ സാധിക്കുന്ന രീതിയിലാണ് ഡിജിറ്റൽ ഉള്ളടക്കങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്ഥാപനങ്ങളുടെയും സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് അധ്യക്ഷനായ ചടങ്ങിൽ എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ ആർ കെ ജയപ്രകാശ്, എസ്.ഐ.ഇ.ടി ഡയറക്ടർ ബി അബുരാജ്, വിദ്യാകിരണം കോ-ഓഡിനേറ്റർ ഡോ സി രാമകൃഷ്ണൻ, എസ്.ഐ.ഇ.ടി സീനിയർ അക്കാദമിക്ക് കോ-ഓഡിനേറ്റർ സുരേഷ് ബാബു ആർ എസ് തുടങ്ങിയവർ പങ്കെടുത്തു.