ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം 2025 മെയ് 2,3 തിയ്യതികളിലായി കൊയിലാണ്ടി (അകലാപ്പുഴ ലേക് വ്യൂ പാലസ്) വെച്ച് നടക്കും. മാധ്യമ മേഖലയും മാധ്യമപ്രവർത്തകരും ഏറെ വെല്ലുവിളികൾ നേരിടുന്ന സന്ദർഭത്തിലാണ് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം നടക്കുന്നത്. വിവര സാങ്കേതികവിദ്യയുടെ വളർച്ച വാർത്താ മാധ്യമ മേഖലയിൽ വലിയ പരിവർത്തനങ്ങൾ സ്യഷ്ടിച്ചിട്ടുണ്ട്. സത്യം വെല്ലുവിളിക്കപ്പെടുന്ന സത്യാനന്തരകാലത്തെ മാധ്യമ പ്രവർത്തനം ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. വാർത്തയിലെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലത്ത് വിമർശനവും തെറ്റുതിരുത്തലും അനിവാര്യവും, ഗുണമേൻമയുള്ള മാധ്യമപ്രവർത്തനം ജനങ്ങളുടെ അവകാശവുമാണ്. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിൻ്റെ നിലനിൽപ്പ് ജനാധിപത്യത്തിന്റെ ജീവവായുവാണ്. മാധ്യമ രംഗത്ത് രാപ്പകൽ സജീവമായി പ്രവർത്തിക്കുന്ന, വാർത്തകൾ ഉറവിടത്തിൽ നിന്ന് തന്നെ വെരിഫൈ ചെയ്ത ചൂടാറാതെ ജനങ്ങളിലെത്തിക്കാൻ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ. പത്ര ദൃശ്യ മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലുമായി പ്രവർത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ്‌യൂണിയൻ സംഘടനയാണ് ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (IRMU). അസംഘടിതരായി നിൽക്കുന്നവരും സർക്കാർ സംവിധാനങ്ങളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും അവഗണന നേരിടുന്നവരുമാണ്. ക്ഷേമനിധികളോ ഇൻഷുറൻസ് ഉൾപ്പടെയുള്ള സുരക്ഷാ പദ്ധതികളോ ഒന്നും തന്നെ നിലവിൽ ലഭ്യമാകുന്നില്ല. ഉത്തരവാദപ്പെട്ട ട്രേഡ് യൂണിയൻ സംഘടനയെന്ന നിലയിൽ മാധ്യമ പ്രവർത്തകരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിൽ IRMU പ്രതിജ്ഞാബദ്ധമാണ്. ഈ ആവശ്യങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുന്നതോടൊപ്പം യൂണിയൻ എന്ന നിലയിൽ അംഗങ്ങൾക്കായി സുരക്ഷാ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും സംഘടന പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.
2025 മെയ് 2,3 തിയ്യതികളിലായി കൊയിലാണ്ടി (അകലാപ്പുഴ ലേക് വ്യൂ പാലസ്) വെച്ച് നടക്കുന്ന സമ്മേളനത്തിൽ വനം, വന്യ ജീവി സംരക്ഷണവകുപ്പ് മന്ത്രി ബഹു. എ കെ. ശശീന്ദ്രൻ, ഷാഫി പറമ്പിൽ എം.പി, കെ പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ. എം.എൽ.എ, ബഹു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഐ എ എസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്, ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ, സി പി എം ജില്ലാ കമ്മിറ്റി അംഗം എം പി ഷിബു, ബി ജെ പി ജില്ലാ പ്രസിഡൻ്റ് സി ആർ പ്രഫുൽ കൃഷ്ണ, സി എച്ച് ഇബ്രാഹിം കുട്ടി. (മുസ്ലിം ലീഗ് മഹാരാഷ്ട്ര കമ്മിറ്റി ട്രഷറർ) ജനതാദൾ നേതാവ് കെ ലോഹ്യ, ഐ ആർ എം യൂ സംസ്ഥാന നേതാക്കൾ, മുതിർന്ന മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി മുഴുവനാളുകളുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.